NEWSROOM

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചതായും സുരക്ഷ സേന അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷ സേന തെരച്ചിൽ നടത്തിയിരുന്നു.


തെരച്ചിലിനിടെ രാവിലെ പത്തരയോടെ ആന്ദ്രി വനമേഖലയിലാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി പറഞ്ഞു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചതായും സുരക്ഷാ സേന അറിയിച്ചു. ജില്ലാ റിസർവ് ഗാർഡിലെയും, സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടലിൽ സുരക്ഷാസേനയിലെ ആർക്കും പരിക്കുകളില്ല. കഴിഞ്ഞ ആഴ്ചയിൽ ബിജാപൂർ ജില്ലയിൽ പൊലീസ് ഇൻഫോർമർമാരെന്ന സംശയത്തിൽ മാവോയിസ്റ്റുകൾ മൂന്ന് ഗ്രാമീണരെ വധിച്ചിരുന്നു.

അടുത്തിടെ കേന്ദ്രമന്ത്രി അമിത ഷാ ഛത്തീസ്ഗഢ് സന്ദർശിച്ചിരുന്നു. മാവോയിസ്റ്റുകളെ തുടച്ചു നീക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്.

SCROLL FOR NEXT