NEWSROOM

നിപ സമ്പർക്ക പട്ടികയിൽ 246 പേർ, 63 പേർ ഹൈറിസ്ക് വിഭാഗത്തിൽ; കൂടുതൽ ആളുകളെ കണ്ടെത്തുമെന്ന് ആരോഗ്യമന്ത്രി

നിലവിൽ ഭയപ്പെടാൻ സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ ഭയപ്പെടാൻ സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്തെ നിപ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയിലുള്ളത് 246 പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് വൈറൽ ഫീവർ കണ്ടെത്തിയെന്നും അവർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 63 പേർ ഹൈറിസ്ക് പട്ടികയിലുണ്ടെന്നും, റൂട്ട് മാപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരുടേയും സാമ്പിളുകളെടുക്കുമെന്നും ലക്ഷണങ്ങൾ ഉള്ളവരെ ആദ്യം പരിശോധിച്ച ശേഷം, മറ്റുള്ളവരുടേയും സമ്പിളുകളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ ചികിത്സയിലുള്ള കുട്ടിക്കായുള്ള മോണോ ക്ലോണൽ ആൻ്റി ബോഡി മരുന്ന് അൽപ്പസമയത്തിനകം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ ഡ്യൂട്ടിക്കായി 30 അംഗ സംഘത്തെ രൂപീകരിച്ചു. ജില്ലയിൽ മൂന്നു പേരാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് പേരുടേയും സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കും.

പ്രതിരോധ നടപടി ഊർജിതമാക്കുമെന്നും ആഹാരവും മരുന്നും എത്തിക്കാൻ സന്നദ്ധസേനയെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി നേരിടേണ്ടതുണ്ട്. അതിനായി മുഴുവൻ ആളുകളുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT