നിപ ബാധിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പൂർണമായും നിപ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്കാണ് കുട്ടിയെ മാറ്റിയത്. കുട്ടിക്കൊപ്പം നിരീക്ഷണത്തിലുള്ള 3 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി ഇതുവരെ.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു ഫലം പോസിറ്റീവ് ആണെന്ന് ആദ്യം കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. പിന്നീട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധനയിലും പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നിപയുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും, ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010