മലപ്പുറത്ത് നിപ ഭീതിയുടെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലയിലെത്തും. ഇന്ന് വൈകിട്ടോടെ സ്ഥലത്തെത്തുന്ന മന്ത്രി മാധ്യമങ്ങളെ കാണും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലവും വൈകിട്ടോടെ ലഭിക്കും. ഇതിനു ശേഷമായിരിക്കും മന്ത്രി മാധ്യമങ്ങളെ കാണുക.
രോഗഭീതിയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡിഎംഒ ആര്‍ രേണുകയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പാണ്ടിക്കാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ് യോഗം ചേര്‍ന്നത. മുന്നൊരുക്ക നടപടികള്‍ സ്വീകരിച്ചതായി യോഗത്തിനു ശേഷം ഡിഎംഒ അറിയിച്ചു.
നിപ സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനെയാണ് നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടയില്‍, കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായും വിവരമുണ്ട്.
2018 ലാണ് കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം നാല് തവണ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചു. 2018 ല്‍ പതിനേഴ് പേരാണ് നിപ ബാധിച്ച് മരിച്ചത്. 2021 ല്‍ ഒരാളും 2023 ല്‍ രണ്ട് പേരും നിപ ബാധിച്ച് മരിച്ചു.
2018 ല്‍ കോഴിക്കോട് പേരാമ്പ്ര ചെങ്ങരോത്ത് ഗ്രാമത്തിലാണ് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. ചങ്ങരോത്ത് സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് ആണ് നിപയുടെ ആദ്യത്തെ ഇര. മെയ് അഞ്ചിനാണ് സാബിത്ത് മരണപ്പെടുന്നത്. പിന്നാലെ സാബിത്തിന്റെ മൂത്ത സഹോദരന്‍ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും സമാന രോഗലക്ഷണങ്ങളോടെ മരണപ്പെട്ടു. രോഗം ബാധിച്ചു മരിച്ച 17 പേര്‍ക്കും രോഗം പടര്‍ന്നത് ആദ്യ ആളില്‍ നിന്നായിരുന്നു.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും, പന്നികളില്‍ നിന്നും, രോഗമുള്ള മനുഷ്യരില്‍ നിന്നും നിപാ വൈറസ് പകരും.