പ്രതീകാത്മക ചിത്രം 
NEWSROOM

കേരളത്തെ വിട്ടൊഴിയാതെ നിപ; ഇതുവരെ കവർന്നത് 21 ജീവൻ

കേരളത്തിൽ ഇത് അഞ്ചാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ ഇത് അഞ്ചാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറത്താണ് അവസാനം 15 വയസുകാരന് വൈറസ് ബാധ സ്ഥീരീകരിച്ചത്. കേരളത്തിൽ ഇതുവരെ നിപ കാരണം 21 ജീവനുകളാണ് പൊലിഞ്ഞത്.

2018 മേയ് 17ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ‍ക്ക് നിപ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയച്ചത്. അന്ന് കേരളത്തിലെ ആദ്യത്തെ നിപ കേസ് കോഴിക്കോട് സ്ഥിരീകരിച്ചു. പിന്നീട് 2019, 2021, 2023 വർഷങ്ങളിലും നിപ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒടുവിൽ 2024ലും കേരളത്തെ ആശങ്ക പർടത്തിക്കൊണ്ട് നിപ സ്ഥീരീകരിച്ചു.

മുൻപ് മേയ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു കൂടുതലായും രോഗബാധ സ്ഥിരീകരിച്ചത്. അതനുസരിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ച വാർത്ത പുറത്തു വരുന്നത് . 2018 ൽ 18 പേർക്കാണ് നിപ പിടിപെട്ടത്. കോഴിക്കോട് 14 പേർക്കും മലപ്പുറത്ത് 6 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 16 പേരും മരിച്ചു.

തൊട്ടടുത്ത വർഷം എറണാകുളത്ത് 23 വയസുള്ള യുവാവിനാണ് രോഗബാധ ഉണ്ടായത്. എന്നാൽ വൈറസ് വ്യാപനം തടയാനും യുവാവിൻ്റെ ജീവൻ രക്ഷിക്കാനും ആരോഗ്യ വിഭാഗത്തിന് സാധിച്ചു. 2021ൽ നിപയുടെ മൂന്നാം വരവിൽ രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ പന്ത്രണ്ട് വയസുകാരന് ജീവൻ നഷ്ടമായി.

കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 6 കേസുകളിൽ 4 പേരാണ് മരണത്തിന് കീഴടങ്ങിയത്. മലപ്പുറത്ത് നിലവിൽ മൂന്ന് പേരാണ് നിരീക്ഷണത്തിലൂള്ളത്. 214 പേരടങ്ങുന്ന പ്രാഥമിക സമ്പർക്ക പട്ടികയും ഇതിനോടകം പുറത്തു വിട്ടു. ഇതിൽ 60 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുൾപ്പെടുന്നവരാണ്. പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ വൈറസിൻ്റെ ഉത്ഭവം. അഞ്ചു തവണ കേരളത്തിൽ നിപ വൈറസ് പിടിപെട്ടു. എന്നാൽ വവ്വാലുകളിൽനിന്നു എങ്ങനെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നതിന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല.

SCROLL FOR NEXT