NEWSROOM

നിപാ വൈറസ്: രണ്ടാം ദിനത്തിലെ പരിശോധനാഫലത്തിലും സംസ്ഥാനത്തിന് ആശ്വാസം

ഇന്ന് പരിശോധിച്ച ഒമ്പതു പേരുടെ ഫലങ്ങളും നെഗറ്റീവാണ്

Author : ന്യൂസ് ഡെസ്ക്

നിപാ ഭീതിക്കിടയിൽ രണ്ടാം ദിവസവും കേരളത്തിന് ആശ്വാസം. ഇന്ന് പരിശോധന നടത്തിയ ഒമ്പതു പേരുടെയും ഫലം നെഗറ്റീവാണ്. അതേസമയം രോഗ ബാധിതനായി മരിച്ച 14 വയസുകാരൻ്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 406 ആയി ഉയർന്നു. ഇതിൽ 139 ആരോഗ്യ പ്രവർത്തകർ അടക്കം 194 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

രോഗ വ്യാപനം തടയാൻ മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുമ്പോൾ ജില്ലക്ക് പുറത്ത് നിന്നുള്ളവരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത് നേരിയ ആശങ്ക ഉയർത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവായത് വലിയ ആശ്വാസമായെന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. രോഗബാധിതനായി മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം 9 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട രണ്ട് പേരുടെ കൂടെ സാമ്പിൾ ഇനിയും പരിശോധിക്കാനുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തിലും തൊട്ടടുത്തുള്ള ആനക്കയം പഞ്ചായത്തിലും ആരോഗ്യ വകുപ്പ് നടത്തുന്ന പ്രത്യേക സർവേ തുടരുകയാണ്. 7,239 വീടുകളിലായി ഇന്ന് നടത്തിയ സർവേയിൽ ആകെ 439 പനി ബാധിതരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ നാല് പേർ മരിച്ച 14 വയസുകാരൻ്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

മലപ്പുറത്ത് എത്തിയ ഐഎംസിആർ സംഘവുമായി ആശയ വിനിമയം നടത്തിയാണ് പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ യൂണിറ്റുകൾ കൂടി നാളെ ജില്ലയിൽ എത്തുന്നതോടെ പാണ്ടിക്കാട് , ആനക്കയം പഞ്ചായത്തുകളിലായി കൂടുതൽ പരിശോധനകൾ നടത്താൻ സാധിക്കും. അതേസമയം രോഗവ്യാപനത്തെ കുറിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ജില്ലയിൽ ഇല്ലെങ്കിലും നിപാ പ്രോട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.

SCROLL FOR NEXT