നിർമല സീതാരാമൻ 
NEWSROOM

'കേരളത്തില്‍ ബസിൽ നിന്ന് പെട്ടിയിറക്കാൻ 50 രൂപയെങ്കിലും നോക്കുകൂലി നല്‍കണം'; പരിഹസിച്ച് നിർമല സീതാരാമന്‍

രാജ്യസഭയിലായിരുന്നു കേരളത്തില്‍ നോക്കുകൂലി പിരിക്കുന്നുവെന്ന ധനമന്ത്രിയുടെ ആരോപണം

Author : ന്യൂസ് ഡെസ്ക്

രാജ്യസഭയിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ നോക്കുകൂലി ഉണ്ടെന്നായിരുന്ന കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. ബസിൽ നിന്ന് പെട്ടി ഇറക്കാൻ 50 രൂപയെങ്കിലും നോക്കി നിൽക്കുന്നവർക്ക് വേറെ കൂലി നൽകണമെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം.

നോക്കുകൂലി എന്ന പ്രതിഭാസം വേറെ എവിടെയും ഇല്ലെന്നും സിപിഎമ്മുകാരാണ് അത് പിരിക്കുന്നതെന്നും നിർമല സീതാരാമൻ ആരോപിച്ചു. അത്തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിൽ നടക്കുന്നത്. ഇതാണ് കേരളത്തിലെ വ്യവസായങ്ങളെ നശിപ്പിച്ചതെന്നും ധനമന്ത്രി വിമർശിച്ചു. ഇക്കാര്യത്തെപ്പറ്റി തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും താനും ഇതേ മേഖലയിൽ നിന്നുള്ള ആളാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര ധനമന്ത്രിയുടെ പുതിയ വിമർശനങ്ങള്‍. ആശാ വർക്കർമാരുടെ സമരം, വയനാട് പുനരധിവാസം എന്നീ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പോര് മുറുകിയിരിക്കുന്ന സാഹചര്യത്തിൽ നടന്ന കൂടിക്കാഴ്ചയെ പ്രതിപക്ഷം വിമർശിച്ചിരുന്നു. അനൗപചാരിക കൂടിക്കഴ്ചയാണ് നടന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഡൽഹിയിൽ വെച്ച് നടന്ന കേന്ദ്ര ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച നിയമസഭയിലും ചർച്ചയായിരുന്നു. കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കൂടിക്കാഴ്ചയെപ്പറ്റി ചോദ്യം ഉന്നയിച്ചത്. എന്തോ വലിയ കാര്യമായിട്ടാണ് കൂടുക്കാഴ്ചയെ കാണുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എംപിമാർക്ക് വിരുന്ന് നൽകാനാണ് ​ഗവർണർ പോയത്. ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. നിർമല സീതാരാമൻ പ്രഭാത ഭക്ഷണത്തിന് ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് ​ഗവർണറെയും ക്ഷണിക്കുകയായിരുന്നു. കേരളത്തിന്റെ പൊതുവായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും അത് വെറുമൊരു 'ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്' ആയിരുന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

SCROLL FOR NEXT