NEWSROOM

നിത ഷെഹീർ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ

2015 ൽ നിലവിൽ വന്ന കൊണ്ടോട്ടി നഗരസഭയിലെ അഞ്ചാമത്തെ അധ്യക്ഷയായി നിത ഷെഹീറിനെ തെരഞ്ഞെടുത്തു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി ഇരുപത്തിയാറുകാരി നിത ഷെഹീർ. കൊണ്ടോട്ടി നഗരസഭയിലാണ് നിത അധികാരമേറ്റത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി നിമിഷയെ പരാജയപ്പെടുത്തിയാണ് ഇവർ അധ്യക്ഷപദവിയിലെത്തിയത്. യുഡിഎഫിലെ അധികാര മാറ്റത്തെ തുടർന്ന് മുസ്ലിം ലീഗ് അധ്യക്ഷപദവി കോൺഗ്രസിന് കൈമാറിയതോടെയാണ് അവസരം ലഭിച്ചത്.

ഇതോടെ  2015 ൽ നിലവിൽ വന്ന കൊണ്ടോട്ടി നഗരസഭയിലെ അഞ്ചാമത്തെ അധ്യക്ഷയായി നിത ഷെഹീറിനെ തെരെഞ്ഞെടുത്തു. ഇന്നലെ വരെ കണ്ണൂർ തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുർഷിദ കോങ്ങായിയുടെ പേരിലായിരുന്ന റെക്കോർഡ് ആണ് നിത മറികടന്നത്.40 കൗൺസിൽ മാരുള്ള നഗരസഭയിൽ നിതാ ഷെഹിർ 32 വോട്ടും കെ പി നിമിഷ 6 വോട്ടുമാണ് നേടിയത്. ബാലറ്റ് പേപ്പറിൽ പേര് രേഖപ്പെടുത്താത്തതിന് ലീഗിലെ ഇരുപതാം വാർഡ് കൗൺസിലറുടെയും, തെറ്റായ ഭാഗത്ത് ഒപ്പുവച്ചതിന് കോൺഗ്രസിലെ 25ാം വാർഡ് കൗൺസിലറുടെയും വോട്ടുകൾ അസാധുവായി.

കോൺഗ്രസിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും, വെൽഫെയർ പാർട്ടിയുടെ കൗൺസിലറും യുഡിഎഫിന് വോട്ട് ചെയ്തു. മുസ്ലിംലീഗിന് 23 അംഗങ്ങളും കോൺഗ്രസിന് എട്ടും, സി.പി.എമ്മിനും, സി.പിഐക്കുമായി മൂന്ന് അംഗങ്ങളുമാണ് നഗരസഭയിലുള്ളത്. നിലവിൽ ബിഎഡ് വിദ്യാർത്ഥിനിയും യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി മുൻസിപ്പൽ വൈസ് പ്രസിഡണ്ടുമാണ് നിത ഷെഹീർ.

SCROLL FOR NEXT