പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വര്‍ഗീയ പരാമര്‍ശവുമായി മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവരുടെ മതം ചോദിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം വാങ്ങിയാല്‍ മതിയെന്നാണ് നിതേഷ് റാണയുടെ പരാമര്‍ശം. ഹിന്ദുക്കളാണോ എന്നറിയാന്‍ അവരെക്കൊണ്ട് ഹനുമാന് ചാലിസ ചൊല്ലിക്കുക, അല്ലാത്തവരില്‍ നിന്നും ഒന്നും വാങ്ങിക്കരുതെന്നാണ് നിതേഷ് റാണെയുടെ പരാമര്‍ശം.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദ സഞ്ചാരികളോട് ഭീകരര്‍ മതം ചോദിച്ചതിന് ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അവിടെ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിതേഷ് റാണയുടെ വര്‍ഗീയ പരാമര്‍ശം. നമ്മള് എന്തിനാണ് മതം ചോദിക്കാതിരിക്കുന്നതെന്ന് മന്ത്രി രത്നഗിരിയില്‍ ഹിന്ദു ധര്‍മ സഭാ റാലിയില്‍ സംസാരിക്കവെ പറഞ്ഞു.
ALSO READ: കശ്മീരില്‍ മൂന്ന് ഭീകരവാദികളുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാസൈന്യം; ഭീകരർക്കായി തെരച്ചിൽ ഊർജിതം
'അവര്‍ നമ്മളെ കൊല്ലുന്നതിന് മുമ്പ് നമ്മുടെ മതം എതാണെന്ന് ചോദിച്ചു. അവര്‍ ഹിന്ദുക്കളോട് കാലിമകള് എഴുതാന്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ ഒന്നിക്കണം. ഇനി നിങ്ങള്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അവരോട് മതം ചോദിക്കണം. അവര്‍ അതെ എന്നു പറഞ്ഞാല്‍ അവരെക്കൊണ്ട് ഹനുമാന് ചാലിസ ചൊല്ലിക്കണം,' മന്ത്രി പറഞ്ഞു.
റാണെയുടെ പരാമര്‍ശങ്ങള്‍ നേരത്തെയും വിവാദമായിട്ടുണ്ട്. കേരളത്തെ 'മിനി-പാകിസ്ഥാന്' എന്ന് വിളിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തിലും പാകിസ്ഥാനിലും ഹിന്ദുക്കളോടുള്ള പെരുമാറ്റം സമാനമാണെന്ന് പറഞ്ഞ റാണെ കേരളം ഒരു മിനി പാകിസ്ഥാന് ആണെന്നും പറഞ്ഞു. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും അവിടെ നിന്നും വിജയിച്ചതെന്നും എല്ലാ തീവ്രവാദികളും അവര്‍ക്ക് വോട്ട് ചെയ്തു. അതാണ് സത്യം. ഇത് ആരോട് വേണമെങ്കിലും ചോദിക്കാമെന്നും നിതേഷ് റാണെ പറഞ്ഞിരുന്നു.