നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് കേരളം. കേരളത്തിനൊപ്പം ഉത്തരാഖണ്ഡാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. ബിഹാറാണ് സുസ്ഥിര വികസന സൂചികയിൽ ഏറ്റവും പിന്നില്‍.
2023-24 വർഷത്തെ സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയിലാണ് 79 പോയിൻ്റുമായി കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇത്തവണ കേരളത്തിനോടൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു. 78 പോയിൻ്റോടെ രണ്ടാമതുള്ള തമിഴ്നാടും, 77 പോയൻ്റുമായി മൂന്നാമതുള്ള ഗോവയുമാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിന്നിലുള്ളത്. ഏറ്റവും പിന്നിലുള്ള ബിഹാറിന് 57 പോയിൻ്റാണുള്ളത്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക രംഗങ്ങളിലെ പുരോഗതി പരിഗണിച്ചാണ് റിപ്പോർട്ടിലെ സ്ഥാനം നിർണയിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഢ്, ജമ്മു-കശ്മീർ, പുതുച്ചേരി, ആൻഡമാൻ - നികോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. അതേസമയം, പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന സ്കോറിലും വർധന ഉണ്ടായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് പോയൻ്റ് വർധിച്ച് 71 പോയിൻ്റാണ് ഇന്ത്യക്കുള്ളത്.