പാൻമസാല കഴിച്ച് റോഡിൽ തുപ്പുന്നവരുടെ ഫോട്ടോകൾ പ്രചരിപ്പിക്കണമെന്ന് നിർദേശം നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇത്തരം ഫോട്ടോകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിതിൻ ഗഡ്കരിയുടെ നിർദേശം. നാഗ്പൂർ പൗരസമിതി സംഘടിപ്പിച്ച 'സ്വച്ച് ഭാരത് അഭിയാൻ' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരാക്കവെയായിരുന്നു നിതിൻ ഗഡ്കരിയുടെ പ്രസ്താവന.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ, പരിസ്ഥിതി സംരക്ഷണത്തിനായി ശുചിത്വം പാലിക്കുന്നതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ടായിരുന്നു നിതിൻ ഗഡ്കരിയുടെ പ്രസംഗം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപേക്ഷിച്ച് നല്ല പരിസ്ഥിതിക്കായി പ്രവർത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.
"ആളുകൾ വളരെ മിടുക്കരാണ്. ചോക്ലേറ്റ് കഴിച്ചാൽ ഉടൻ പൊതി പുറത്തേക്ക് വലിച്ചെറിയുന്നു. എന്നാൽ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ആ കവർ പോക്കറ്റിൽ ഇടും. വിദേശത്ത് അവർ നല്ല രീതിയിൽ പെരുമാറും," നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു.
പണ്ടൊക്കെ ചോക്ലേറ്റ് കഴിച്ച് പ്ലാസ്റ്റിക് കവർ കാറിന് പുറത്ത് വലിച്ചെറിയുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ ചോക്ലേറ്റ് കഴിക്കുമ്പോൾ, പൊതി വീട്ടിലേക്ക് കൊണ്ടുപോയി ചവറ്റുകുട്ടയിൽ എറിയുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. മാലിന്യത്തെ സമ്പത്താക്കി മാറ്റാനും, മാലിന്യം ജൈവ ഉൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ തുടങ്ങണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.