ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായാ പ്രശാന്ത് കിഷോർ. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിനിടെ നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ തൊട്ടു വണങ്ങിയതിനെ പരാമർശിച്ചായിരുന്നു കിഷോറിൻ്റെ വിമർശനം. അധികാരത്തിൽ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലിൽ തൊട്ടതോടെ നിതീഷ് ബീഹാറിനെ അപമാനിച്ചു എന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്.
ഒരു സംസ്ഥാനത്തിൻ്റെ നേതാവ് ആ ജനങ്ങളുടെ അഭിമാനമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് വണങ്ങിയതോടെ നിതീഷ് കുമാർ ബീഹാറിനെ നാണം കെടുത്തി. ഒന്നിച്ച് പ്രവർത്തിച്ച വ്യക്തിയെ ഇപ്പോൾ വിമർശിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ അന്ന് അദ്ദേഹം വ്യത്യസ്തനായിരുനെന്നും, സ്വന്തം ആവശ്യത്തിനായി മനസ്സാക്ഷി വിൽപ്പനയ്ക്ക് വച്ചിരുന്നില്ല എന്നും കിഷോർ ആരോപിക്കുന്നു.
പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ തിരിച്ചെത്തിച്ചതിൽ നിതീഷ് കുമാറിന് നിർണായക പങ്കുണ്ട്. ടിഡിപിക്ക് ശേഷമുള്ള ബിജെപിയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷിയാണ് ജെഡിയു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിൻ്റെ ജെഡിയു 12 സീറ്റുകൾ നേടിയതാണ് സർക്കാർ രൂപീകരണത്തിൽ വരെ ചെന്നെത്തിച്ചത്. എന്നാൽ ആ സ്ഥാനം പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് നേട്ടങ്ങൾ ഉറപ്പാക്കേണ്ട അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത് 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും സർക്കാരിൽ സ്ഥാനം ഉറപ്പിക്കാനാണെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.
അതേസമയം ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ ജെഡിയുവിന്റെ തലവൻ നിതീഷ് കുമാർ, നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷ പാർട്ടി സഖ്യമായ ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യോഗത്തിലും പങ്കെടുത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതെ ഇന്ത്യ സംഖ്യത്തെ തഴഞ്ഞ് വീണ്ടും ബിജെപി സർക്കാർ രൂപീകരിക്കുന്നതിൽ പങ്കാളിയായതും ഇതേ നിതീഷ് കുമാർ തന്നെയാണ്. അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തിലെ അടുത്ത ചുവടുമാറ്റം എന്താണെന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.