ബിഹാർ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ആർജെഡി എംഎൽഎയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ആർജെഡിയുടെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ എംഎൽഎ രേഖ പാസ്വാനെതിരെയാണ് നിതീഷ് കുമാർ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്.
ഒരു സ്ത്രീയായ നിങ്ങൾക്കൊന്നും അറിയില്ലേയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ക്ഷുഭിതനായ നിതീഷ് കുമാർ ആർജെഡി എംഎൽഎയോട് കയർത്തത്. ബുധനാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും നിതീഷ് കുമാറിനെതിരെ വിമർശനവുമുയർത്തിയിരുന്നു.
"നിങ്ങള്‍ ഒരു സ്ത്രീയല്ലേ, എന്നിട്ടും ഒന്നും അറിയില്ലേ? നോക്കൂ, അവർ (രേഖ പാസ്വാൻ) സംസാരിക്കുന്നു. പ്രതിപക്ഷം സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഞങ്ങൾ സംസാരിക്കും, നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് പ്രതിപക്ഷത്തിൻ്റെ തെറ്റാണ്." പ്രതിഷേധം നിയന്ത്രണാതീതമായതോടെ പ്രതിപക്ഷ വനിതാ എംഎൽഎയോട് നിതീഷ് കുമാർ ആക്രോശിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തി.
"നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?' സ്ത്രീകൾക്കെതിരെ ഇത്തരത്തിൽ വിലകുറഞ്ഞതും അനാവശ്യവും അപരിഷ്‌കൃതവും തരംതാഴ്ന്നതുമായ പരാമർശങ്ങൾ നടത്തുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശീലമായി മാറിയിരിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിജെപി വനിതാ എംഎൽഎയുടെ സൗന്ദര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മോശം പരാമർശം നടത്തിയിരുന്നു. ഇന്ന് അദ്ദേഹം പട്ടികജാതി വനിതാ എംഎൽഎയായ രേഖാ പാസ്വാനെക്കുറിച്ച് മറ്റൊരു പരാമർശം നടത്തി. പ്രപഞ്ചത്തിൽ എല്ലാം അറിയുന്നവനും പറയുന്നവനും ഒക്കെയായി നിതീഷ് ജി മാറിയിരിക്കുന്നു. അദ്ദേഹത്തിനല്ലാതെ ആർക്കും ഒന്നും അറിയില്ല," ആർജെഡി നേതാവ് എക്സിൽ കുറിച്ചു.
ബിഹാറിൽ ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് നിതീഷ് കുമാർ വീണ്ടും ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്. നിതീഷിനെ ബിജെപിയിൽ തന്നെ പിടിച്ചു നിർത്തുന്നതിനും എൻഡിഎ സഖ്യത്തിന് ബിഹാറിൽ അധികാരം നിലനിർത്തുന്നതിനും വേണ്ടിയാണ് കേന്ദ്ര ബജറ്റിലടക്കം അകമഴിഞ്ഞ് സഹായിക്കുന്നതെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.
നിയമസഭയിൽ ബിഹാറിനുള്ള സംവരണത്തിലും പ്രത്യേക പദവിയിലും പാർട്ടിയിൽ നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടികാട്ടിയാണ് നിതീഷ് കുമാറിനെതിരെ ആർജെഡിയും കോൺഗ്രസുമടങ്ങുന്ന പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിൻ്റെ നീക്കം കഴിഞ്ഞ മാസം പട്‌ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് (ജെഡിയു) കൂടി ഭാഗമായ കേന്ദ്രസർക്കാർ ബിഹാറിന് പ്രത്യേക പദവി നൽകാനുള്ള നടപടികളിലേക്ക് കടന്നില്ലെന്നതും നിതീഷ് കുമാർ സർക്കാരിന് തിരിച്ചടിയായി.
പട്‌ന ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഭയിൽ നിതീഷ് പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ല.