ഹരിയാനയിലെ തെരഞ്ഞടുപ്പിന് മുന്നോടിയായുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ആംആദ്മി പാർട്ടി പുറത്തിറക്കി. 20 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പുറത്തു വിട്ടത്. രണ്ടാമത്തെ പട്ടികയും വൈകാതെ പുറത്തു വിടുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. എഎപിയുടെ സംസ്ഥാന മേധാവി സുശീൽ ഗുപ്തയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യ സംഖ്യവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന നിർദേശം ഇദ്ദേഹമാണ് മുന്നോട്ടു വച്ചത്. ഇതിനെ തുടർന്നാണ് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഒറ്റയ്ക്ക് എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള തീരുമാനം പാർട്ടി കൈക്കൊണ്ടത്.
ബിജെപിയും 67 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ പാർട്ടിയിൽ ഭിന്നതകൾ രൂക്ഷമായി എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ജെജെപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന മൂന്ന് മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ സീറ്റ് നേടിയപ്പോൾ ബിജെപിയുടെ ഒമ്പത് സിറ്റിങ്ങ് എംഎൽഎമാർ പട്ടികയിൽ നിന്ന് പുറത്തായത് ഭിന്നതയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ALSO READ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് 'സ്നേഹവും ആദരവും വിനയവും' നഷ്ടമായിരിക്കുന്നു: രാഹുൽ ഗാന്ധി
സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാലയും എംഎൽഎ ലക്ഷ്‌മൺദാസ് നാപ്പയും ഒബിസി മോർച്ച അധ്യക്ഷൻ കരൺദേവ് കംബോജും പാർട്ടി വിട്ടിരുന്നു. സംസ്ഥാന ഉപാധ്യക്ഷൻ ജി.എൽ. ശർമ, മുൻ മന്ത്രി ബച്ചൻസിംഗ് ആര്യ, കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷൻ സുഖ്‌വീന്ദർ മണ്ഡി തുടങ്ങിയവരും പല ജില്ലാ നേതാക്കളും കൂട്ട രാജി നൽകിയിരുന്നു. മുൻ മന്ത്രിമാരായ കവിതാ ജയിനും സാവിത്രി ജിൻഡാലും സഹമന്ത്രി ബിഷംബർ സിങ് പരസ്യവിമർശനം നടത്തിയിരുന്നു. വിമത സ്ഥാനാർഥിയാകാനാണ് പലരുടേയും നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഏത് പ്രായക്കാരാണ് കൂടുതൽ കരുതിയിരിക്കേണ്ടത്? അറിയേണ്ടതെല്ലാം
ഹരിയാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിക്ക് പിന്നാലെ കോൺഗ്രസിലും തർക്കം രൂപപ്പെട്ടിരുന്നു. ഗർഹി സാംപ്ല - കിലോയിയിൽ നിന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ജുലാനയിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഹോഡലിൽ നിന്ന് സംസ്ഥാന ഘടകം മേധാവി ഉദയ് ഭാൻ എന്നിവരുൾപ്പെടെ 32 പേരെ ഉൾപ്പെടുത്തികൊണ്ടായിരുന്നു കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.