യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധം കെെമാറിയെന്ന ആരോപണം നിഷേധിച്ച് ഇറാൻ. അമേരിക്കയുടെ അടക്കം ഇൻറലിജൻസ് റിപ്പോർട്ടും ഇറാൻ തള്ളി. ബാലിസ്റ്റിക് മിസൈലുകളടക്കം ആയുധങ്ങൾ ഇറാൻ റഷ്യക്ക് കെെമാറിയെന്നും ആഴ്ചകൾക്കുള്ളിൽ അവ യുക്രെയ്‌നുനേരെ പ്രയോഗിക്കുമെന്നുമായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻറെ വെളിപ്പെടുത്തൽ.
120 കിലോമീറ്റർ വരെ ദൂരം ആക്രമണശേഷിയുള്ള ഫാത്ത്-360 മിസൈലുകളും കെെമാറിയവയിലുണ്ട്. ഇതുപയോഗിക്കുന്നതിന് റഷ്യൻ സെെനികർക്ക് ഇറാനിൽ പരിശീലനം ലഭിച്ചെന്നും ഇൻറലിജൻസ് റിപ്പോർട്ട് ഉദ്ദരിച്ച് ബ്ലിങ്കെൻ ആരോപിച്ചു. വെളിപ്പെടുത്തലിന് പിന്നാലെ ഫ്രാൻസും ജർമ്മനിയും ബ്രിട്ടനും ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ALSO READ: പുതിയ നിബന്ധനകൾ പാടില്ല; ഗാസയിൽ ഇസ്രയേലുമായി അടിയന്തര വെടിനിർത്തലിന് തയാറെന്ന് ഹമാസ്
ഇറാനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ഇറാൻറെ ഔദ്യോഗിക വിമാനമായ ഇറാൻ എയറിന്മേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇറാനിൽ നിന്ന് യൂറോപ്പിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുമെന്നും അറിയിച്ചു. ഇതോടെയാണ് ആരോപണത്തെ അപലപിച്ച് ഇറാൻ പ്രതികരിച്ചത്.
റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈമാറിയിട്ടില്ലെന്നും അമേരിക്കയും സഖ്യകക്ഷികളും വ്യാജ ആരോപണങ്ങളാണ് ഇൻ്റലിജൻസ് റിപ്പോർട്ടുകളെന്ന പേരിൽ പുറത്തുവിടുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച പറഞ്ഞു.
ഇതിനിടെ കാസ്പിയൻ തുറമുഖത്ത് നങ്കൂരമിട്ട റഷ്യൻ പ്രതിരോധ മന്ത്രാലയത്തിൻറെ പോർട്ട് ഒലിയ -3 കപ്പലിൽ ഇറാനിയൻ ബാലിസ്റ്റിക് മിസെെലുകൾ കണ്ടെത്തിയെന്ന വാർത്ത ഉപഗ്രഹ ചിത്രങ്ങൾക്ക് ഒപ്പം അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒരാഴ്ച മുമ്പ് കാസ്പിയൻ തുറമുഖത്ത് കണ്ട കപ്പൽ, ഓഗസ്റ്റ് 29 ന് ഇറാനിലെ അമിറാബാദ് തുറമുഖത്ത് എത്തിയിരുന്നതായും സിഎൻഎൻ മാധ്യമറിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇറാനുമായുള്ള ആയുധ കെെമാറ്റത്തിൻറെ റിപ്പോർട്ടുകൾ റഷ്യയും നിഷേധിച്ചു.