NEWSROOM

"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്"; ഇന്ന് സഹോദരന്‍ അയ്യപ്പന്‍റെ 135ാം ജന്മവാർഷികം

'മനുഷ്യരെല്ലാം സോദരരാണ്', മതങ്ങള്‍ ഘോഷിക്കുന്നതും, നാസ്തികർ അംഗീകരിക്കുന്നതുമായ ആ തത്വത്തെ ഒരു പന്തിയിലിരുത്തിയ- തീണ്ടലിനെ വെല്ലുവിളിച്ച- സാമൂഹിക വിപ്ലവകാരിയാണ് സഹോദരന്‍ അയ്യപ്പന്‍

Author : ന്യൂസ് ഡെസ്ക്

ഇന്ന് സഹോദരന്‍ അയ്യപ്പന്‍റെ 135ാം ജന്മവാർഷികം...  ജാതിവ്യവസ്ഥയ്ക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ നീക്കങ്ങളിലൂടെയും മിശ്രഭോജനത്തിലൂടെയുമാണ് നവോത്ഥാന ചരിത്രത്തിൽ സഹോദരൻ അയ്യപ്പൻ അടയാളപ്പെടുന്നത്. 'മനുഷ്യരെല്ലാം സോദരരാണ്', മതങ്ങള്‍ ഘോഷിക്കുന്നതും, നാസ്തികർ അംഗീകരിക്കുന്നതുമായ ആ തത്വത്തെ ഒരു പന്തിയിലിരുത്തിയ- തീണ്ടലിനെ വെല്ലുവിളിച്ച- സാമൂഹിക വിപ്ലവകാരിയാണ് സഹോദരന്‍ അയ്യപ്പന്‍. കേരള നവോത്ഥാനത്തിലേക്കുള്ള വിപ്ലവകരമായ ഈ മുന്നേറ്റം, ശ്രീനാരായണ ഗുരുവിന്‍റെ ശിക്ഷണത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്.

ജാതിവ്യവസ്ഥയെ ദോഷിച്ചുനടന്നാല്‍ പോരാ, പരിവർത്തനത്തിന് പരിശ്രമിക്കണം എന്ന ഉപദേശമുണ്ടാക്കിയ തിരിച്ചറിവാണ് 1917 മേയ് മാസത്തില്‍ ഈഴവ- പുലയ സമുദായങ്ങളെ ഒരേ പന്തിയിലിരുത്തിയ മിശ്രഭോജനം. അവിടെ നിന്ന് ഉദയം കൊണ്ട സഹോദര പ്രസ്ഥാനത്തിന്‍റെ പരമമായ ലക്ഷ്യം ജാതി നശീകരണ പ്രയത്നങ്ങളായിരുന്നു. ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന പ്രസിദ്ധ ആപ്തവാക്യം, "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് സഹോദരന്‍ അയ്യപ്പന്‍ തിരുത്തി.

ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തോട് ശാസ്ത്രീയവും യുക്തിചിന്താപരവുമായ സമീപനമാണ് സഹോദരന്‍ അയ്യപ്പന്‍ സ്വീകരിച്ചത്. കാലാകാലങ്ങളില്‍ മാർക്സ്- ലെനിനിസ്റ്റ് ഇടതുപുരോഗമന- തൊഴിലാളി പ്രസ്ഥാനത്തിലും അംബേദ്കറിസ്റ്റ് സിദ്ധാന്തത്തിലും യുക്തിവാദ പ്രസ്ഥാനത്തിലും പങ്കാളിയായി സഹോദരന്‍ അയ്യപ്പന്‍.

കവിയെന്ന നിലയില്‍ കുമാരനാശാനോട് ചേർന്നുനിന്നുള്ള സാമൂഹിക വിമർശനവും, മഹാത്മാഗാന്ധിയേയും മഹാകവി ടാഗോറിനേയും പോലും വിമർശിച്ച പത്രപ്രവർത്തനവുമാണ് ആ മുഖമുദ്ര. തുല്യാവകാശത്തിന് നിയമം ആവശ്യപ്പെട്ട നിയമസഭാ സാമാജികനായും നീളുന്നു സഹോദരന്‍ അയ്യപ്പന്‍റെ സേവനങ്ങള്‍. പതിറ്റാണ്ടുകള്‍ നീണ്ട കർമ്മ നിർവഹണത്തിനൊടുവില്‍ 1968ല്‍ 78 ാം വയസ്സിലായിരുന്നു അന്ത്യം.

SCROLL FOR NEXT