NEWSROOM

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; കുടുംബത്തിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുടുംബം ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

"മറ്റുള്ളവരുടെ ഇടപെടലൊന്നും പരാമർശിച്ചിട്ടില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത്. പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം. എസ്ഐടി രൂപീകരിച്ചത് കൊണ്ടുള്ള വ്യത്യാസം മനസ്സിലാകുന്നില്ല. ലോക്കൽ പൊലീസിൻ്റെ റിപ്പോർട്ടിന് സമാനമാണ് എസ്ഐടി അന്വേഷണവും നടന്നത്. ആദ്യ പൊലീസ് സംഘം അന്വേഷിക്കുന്നതിൽ നിന്ന് വ്യത്യാസമൊന്നും തോന്നുന്നില്ല. വേറൊരു അന്വേഷണ ഏജൻസി വേണമെന്നുമായിരുന്നു കുടുംബത്തിൻ്റെ ആവശ്യം.

കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ ഏക പ്രതിയാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറഞ്ഞത്.

2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

SCROLL FOR NEXT