NEWSROOM

പിഎസ്‌സി കോഴയിൽ തർക്കമില്ല, നീതി ആയോഗ് സുസ്ഥിര വികസനനേട്ടം അംഗീകരിക്കാനാകില്ല: കെ. സുരേന്ദ്രൻ

പിണറായി വിജയൻ്റെ മരുമകൻ സൂപ്പർ മുഖ്യമന്ത്രിയാണെന്നും കെ. സുരേന്ദ്രൻ

Author : ന്യൂസ് ഡെസ്ക്

പിഎസ്‌സി കോഴയിൽ തർക്കമില്ലെന്നും, പാർട്ടി തന്നെ കോഴ വിവാദം സ്ഥിരീകരിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. "22 ലക്ഷം രൂപ കോഴ വാങ്ങിയതിനാണ് പ്രമോദ് കോട്ടൂളിയെ പുറത്താക്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടി തന്നെ സ്ഥിരീകരിച്ച കേസാണിത്. പിഎസ്‌സി നിയമനങ്ങളിൽ നല്ല ശതമാനം അഴിമതി നടക്കുന്നു. നടന്നിരിക്കുന്നത് കുറ്റകൃത്യമാണ്. പ്രമോദ് കോട്ടൂളി മന്ത്രി മുഹമ്മദ് റിയാസിൻ്റെയും, എളമരം കരീമിൻ്റെയും അടുത്ത ആളാണ്, വീടിനു മുമ്പിൽ സമരം ചെയ്യുന്ന ആളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല," സുരേന്ദ്രൻ പറഞ്ഞു.

"കേസിൽ പ്രാദേശിക ബിജെപി നേതാവുണ്ടെന്ന വാർത്ത നൽകിയ മാധ്യമങ്ങളെ നിയമപരമായി നേരിടും. ഇതിലേക്ക് ബിജെപിയെ വലിച്ചിഴയ്ക്കുന്നത് സിപിഎം അജണ്ടയാണ്. പിണറായി വിജയൻ്റെ മരുമകൻ സൂപ്പർ മുഖ്യമന്ത്രിയാണ്." കെ. സുരേന്ദ്രൻ പറഞ്ഞു. പിഎസ്‌സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സിപിഎം നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയതിനെയും കെ. സുരേന്ദ്രൻ തള്ളി. "കേരളത്തെ കുറിച്ചുള്ള നീതി ആയോഗിൻ്റെ വിലയിരുത്തൽ അംഗീകരിക്കാനാകില്ല. ഏതെങ്കിലും പാരാമീറ്റർ വെച്ചുള്ള റിപ്പോർട്ടാണ് നീതി ആയോഗിൻ്റേത്," സുരേന്ദ്രൻ വിമർശിച്ചു. 2023-24 വർഷത്തെ സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയിലാണ് 79 പോയിൻ്റുമായി കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇത്തവണ കേരളത്തിനോടൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു.

SCROLL FOR NEXT