മോഹന്‍ലാലിനോട് ശത്രുതയില്ലെന്ന് ചെകുത്താന്‍ എന്ന യൂട്യൂബ് ചാനല്‍ ഉടമ അജു അലക്‌സ്. സംഭവങ്ങള്‍ അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നും താന്‍ ആരുടെയും പുറകെ നടക്കാറില്ലെന്നും അജു അലക്‌സ് പറഞ്ഞു. താന്‍ ഒളി സങ്കേതത്തില്‍ ആണെന്ന് പറഞ്ഞത് വ്യാജമാണ്. പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ എത്തുകയായിരുന്നുവെന്നും അജു അലക്‌സ് പറഞ്ഞു. സൂരജ് പാലാക്കാരന്‍ തന്നെ പറ്റിയും അനാവശ്യം പറഞ്ഞിട്ടുണ്ട്. മറുനാടനും തന്നെ പറ്റി അപവാദം പറഞ്ഞു പരത്തിയിട്ടുണ്ടെന്നും അജു അലക്‌സ് കൂട്ടിച്ചേര്‍ത്തു.
നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് യൂട്യൂബര്‍ അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി.
വയനാട് ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്ത് ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജു അലക്സ്, ചെകുത്താന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മോഹന്‍ലാലിനെതിരെ മോശം പരാമര്‍ശം നടത്തിയത്.