കഴിഞ്ഞ ദിവസം ലോറി കണ്ടെത്തിയെങ്കിലും ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള കേരളക്കരയുടെ കാത്തിരിപ്പ് നീളുന്നു. വ്യാഴാഴ്ചത്തെ തെരച്ചിലിൽ ഇതുവരെയും മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന വിവരമാണ് വൈകിട്ടോടെ പുറത്തുവരുന്നത്. കനത്ത മഴയേയും കാറ്റിനേയും തുടർന്ന് വൈകിട്ട് നാലരയോടെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കനത്ത മഴ തുടങ്ങിയതോടെ ഡൈവിംഗ് സംഘവും തിരിച്ചുകയറി. ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാത്രിയിൽ ബൂ മെഷീൻ ഉപയോഗിച്ചുള്ള പരിശോധന തുടരുമെന്നാണ് വിവരം. തൽക്കാലത്തേക്ക് ലോറി ഉയർത്തി ദൗത്യം അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ അഞ്ചരയോടെ വ്യാഴാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
പുഴയുടെ അടിത്തട്ടിലെ പരിശോധന ഇനി നാളെ മാത്രമെ പുനരാരംഭിക്കാൻ സാധിക്കൂ. കനത്ത കാറ്റിലും മഴയിലും ഡ്രോൺ പറത്താൻ പ്രതിസന്ധി നേരിട്ടതും തെരച്ചിൽ മതിയാക്കാൻ കാരണമായി. ഇന്നലെ ലോറിയുടെ ലൊക്കേഷൻ കണ്ടെത്താനായതോടെ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ രക്ഷാപ്രവർത്തകരിലും ഉയർന്നിരുന്നു.