NEWSROOM

ആശങ്ക വേണ്ട..! സംസ്ഥാനത്തെ ഒരു ഭൂകമ്പ മാപിനിയും ഇന്ന് ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല

പ്രകമ്പനം ഉണ്ടായെന്ന് പറയപ്പെടുന്ന പ്രദേശങ്ങള്‍ റവന്യൂ വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി പരിശോധിച്ചു വരികയാണ്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഒരു ഭൂകമ്പ മാപിനിയിലും ഇന്ന് ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല എന്ന് നാഷനൽ സീസ്മോളജിക് സെൻ്റര്‍. പ്രകമ്പനമാകാം ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പ്രകമ്പനം ഉണ്ടായെന്ന് പറയപ്പെടുന്ന പ്രദേശങ്ങള്‍ റവന്യൂ വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി പരിശോധിച്ചു വരികയാണ്. വയനാടിനു പുറമേ കോഴിക്കോട്, പാലക്കാട് ജില്ലകളിലും ഉഗ്രശബ്ദം കേട്ടതായാണ് വിവരം. എന്നാൽ ഭൂകമ്പമൊന്നുംതന്നെ മാപിനിയിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ പ്രദേശത്തുണ്ടായത് പ്രകമ്പനമാകാം എന്ന നിഗമനത്തിലാണ് അധികൃതർ.

വയനാട്ടിൽ നിന്നും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തെത്തിയിരുന്നു. ഭൂമി കുലുക്കമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ വയനാട്ടിൽ ഭൂമികുലുക്കമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.

പാലക്കാട് ഒറ്റപ്പാലം താലൂക്ക് പരിധിയിലെ ചളവറ പുലാക്കുന്ന്, ലക്കിടി അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം പനയൂർ, വരോട് വീട്ടാമ്പാറ പ്രദേശവാസികളാണ് ശബ്ദം കേട്ടതായി പറയുന്നത്.രാവിലെ പത്തേക്കാലോടെയാണ് സംഭവം. കോഴിക്കോട് കൂടരഞ്ഞി, മുക്കത്തെ മണാശ്ശേരി ഭാഗങ്ങളിലും വയനാട് അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്.

SCROLL FOR NEXT