NEWSROOM

പുതിയ ആരോപണങ്ങൾക്കില്ല, പാലക്കാടിൻ്റെ വികസന കാര്യങ്ങൾ മാത്രം ചർച്ച ചെയ്യും; ബിജെപിയെ തോൽപ്പിക്കും: പി. സരിൻ

യുഡിഎഫ് - എൽഡിഎഫ് പോരാട്ടം വന്നാൽ ബിജെപി ജയിക്കുമെന്ന വാദം തെറ്റാണെന്നും പി. സരിൻ

Author : ന്യൂസ് ഡെസ്ക്



ഇനി പുതിയ ആരോപണങ്ങൾക്കില്ലെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. പി. സരിൻ. പാലക്കാടിൻ്റെ വികസന കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളൂ. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുമെന്നും പി. സരിൻ പറഞ്ഞു. യുഡിഎഫ് - എൽഡിഎഫ് പോരാട്ടം വന്നാൽ ബിജെപി ജയിക്കുമെന്ന വാദം തെറ്റാണെന്നും പി. സരിൻ പറഞ്ഞു.

അതേസമയം ഉപതെരഞ്ഞെടുപ്പിൽ സരിൻ്റെ റോഡ് ഷോ ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ സ്വീകരണത്തേക്കാൾ മികച്ച പരിപാടിയാക്കി റോഡ് ഷോ മാറ്റാനാണ് എൽഡിഎഫ് നേതൃത്വത്തിൻ്റെ ആലോചന. വൈകീട്ട് നാലിനാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.

രാവിലെ മണ്ഡലത്തിലെ നേതാക്കളെയും പ്രമുഖരെയും കണ്ടശേഷം സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ നടക്കുന്ന യോഗത്തിൽ സരിൻ പങ്കെടുക്കും. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഒറ്റപ്പാലം മുൻ എംഎൽഎ പി. ഉണ്ണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്നാണ് സിപിഎം കരുതുന്നത്.

SCROLL FOR NEXT