NEWSROOM

താൽക്കാലിക അഭയം നൽകാൻ വ്യവസ്ഥയില്ല; ഷെയ്ഖ് ഹസീനയെ കയ്യൊഴിഞ്ഞ് യു.കെ

അഭയാർഥികളായ വ്യക്തികൾ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്ത് തന്നെ അഭയം തേടാൻ ശ്രമിക്കണമെന്നും യുകെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശില്‍ തുടരുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ഫലമായി ഇന്നലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം ഒഴിഞ്ഞ ശേഷം പലായനം ചെയ്തിരുന്നു. തുടർന്ന്, ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ലണ്ടനിൽ അഭയം തേടുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, വ്യക്തികൾക്ക് താൽക്കാലിക അഭയം നൽകാനാകില്ലെന്ന് യുകെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു ദേശീയമാധ്യമത്തോടായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രതികരണം. അഭയാർഥികളായ വ്യക്തികൾ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്ത് തന്നെ അഭയം തേടാൻ ശ്രമിക്കണമെന്നും യുകെ അറിയിച്ചു.

"സംരക്ഷണം ആവശ്യമുള്ളവർക്ക് യുകെ അത് നൽകാറുണ്ട്. എന്നാൽ, അഭയാർഥിത്വം നൽകുന്നതിനോ, താൽക്കാലിക അഭയം നൽകുന്നതിനോ നിലവിൽ വ്യവസ്ഥയില്ല. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ളവർ അവർ എത്തുന്ന ആദ്യത്തെ സുരക്ഷിത രാജ്യത്ത് അഭയം തേടണം," യുകെ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

അതേസമയം, ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നും ചുരുങ്ങിയ കാലത്തേക്ക് ഇന്ത്യയിൽ തുടരാൻ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഹസീനയ്ക്ക് സമയം നൽകിയിരിക്കുകയാണ്. അതുവരെ ഇന്ത്യയിൽ തുടരുമെന്നും ജയശങ്കർ അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഷെയ്ഖ് ഹസീന ഇപ്പോഴുള്ളത്.

SCROLL FOR NEXT