നീറ്റിൽ പുനഃ പരീക്ഷയില്ലെന്ന് സുപ്രീം കോടതി വിധി. പരീക്ഷ പ്രക്രിയയെ ബാധിക്കുന്ന തരത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ല.ചോർച്ച ജാർഖണ്ഡിലും പാറ്റ്നയിലും. പരീക്ഷാ നടത്തിപ്പിൽ പോരായ്മകൾ ഉണ്ടെന്നും സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ചു.
പരീക്ഷ റദ്ദാക്കിയാൽ 24 ലക്ഷം കുട്ടികളെ ബാധിക്കും. പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടതിന് തെളിവില്ല. സിബിഐ അന്വേഷണം അന്തിമഘട്ടത്തിൽ അല്ലെന്നും സുപ്രീം കോടതി അറിയിച്ചു.
നീറ്റ് ഹര്‍ജികളിലെ വാദം ഇന്നുതന്നെ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശം നൽകിയിരുന്നു. പുനഃപരീക്ഷയ്ക്ക് ഉത്തരവിടുകയാണെങ്കിൽ, വിദ്യാര്‍ഥികള്‍ തയ്യാറെടുക്കാൻ തുടങ്ങേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാകില്ലെന്നും ഡി.വൈ.ചന്ദ്രചൂഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം പറ്റിയത് 155ല്‍ താഴെ വിദ്യാര്‍ഥികൾ ആണെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ടെലഗ്രാമില്‍ പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസമായ മെയ് ഏഴിനാണ് ചോദ്യപേപ്പര്‍ അപ്‌ലോഡ് ചെയ്തത് എന്നും എന്നാൽ പരീക്ഷയ്ക്ക് തൊട്ട് മുൻപത്തെ ദിവസമായ മെയ് അഞ്ചിനാണ് ചോദ്യപേപ്പർ ചോർന്നത് എന്ന് കാണിക്കാനുള്ള കൃത്രിമത്വം നടത്തിയതെന്നുമാണ് കേന്ദ്രത്തിൻറെ വാദം
നീറ്റ് വിഷയത്തിൽ പാർലമെൻ്റിൽ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നമ്മുടെ പരീക്ഷ സമ്പ്രദായത്തിൽ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ വ്യക്തമായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. നീറ്റ് വിഷയത്തെ ചുറ്റിപ്പറ്റി എന്തെല്ലാമാണ് രാജ്യത്ത് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും വിദ്യാഭ്യാസ മന്ത്രിക്ക് ധാരണയില്ലെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയിൽ ഈ സർക്കാർ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കുറ്റപ്പെടുത്തി. ഇനിയും കേന്ദ്രമന്ത്രി അധികാരത്തിൽ തുടർന്നാൽ വിദ്യാർഥികൾക്ക് നീതി ലഭിക്കില്ല എന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നു.
ഈ വിവാദങ്ങളൊക്കെ നടക്കുമ്പോഴാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന പശ്ചാത്തലത്തിലാണ് പുനഃ പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.