NEWSROOM

ശമ്പളമില്ല; പ്രതിസന്ധിയിലായി സ്കൂൾ പാചകത്തൊഴിലാളികൾ

ഒരു ഹോട്ടലിൽ പരമാവധി 200 പേർക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകക്കാരന് പോലും 1200 രൂപ കൂലി കിട്ടുമ്പോഴാണ് പരമാവധി 675 രൂപ എന്ന ഈ കൂലി.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികൾ ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിൽ. ശമ്പളത്തിനു പുറമേ അവധിമാസങ്ങളിലെ ആശ്വാസ ധനവും മുടങ്ങിയിരിക്കുകയാണ്.പരാതിപറഞ്ഞിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പാചകത്തൊഴിലാളികളുടെ ആരോപണം. അതിരാവിലെ കുട്ടികൾക്കും അധ്യാപകർക്കും മുന്നേ സ്‌കൂളിലെത്തുന്ന പാചകത്തൊഴിലാളികൾ വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് ഒരുക്കി വെക്കുന്നത്.

ശമ്പളം തരുന്നില്ലെന്ന് കരുതി കുട്ടികൾക്ക് ഭക്ഷണം കൊടുക്കാതിരിക്കാനും പണിമുടക്കാനും മനസ് അനുവദിക്കാത്തതിനാലാണ് ഓരോ പാചകത്തൊഴിലാളികളും കഷ്ടപ്പാട് സഹിച്ചു കൊണ്ട് അവരുടെ ജോലിയിൽ ഏർപ്പെടുന്നത്.പണമില്ലെങ്കിലും കുട്ടികളുടെ മനസും വയറും നിറയുന്നതിലെ സന്തോഷമാണ് ഇവരിപ്പോൾ പ്രതിഫലമായി കാണുന്നത്.

600 രൂപയാണ് ഒരു പാചകത്തൊഴിലാളിയുടെ ദിവസക്കൂലി. 500 കുട്ടികൾ വരെയുള്ള സ്കൂളിൽ ഒരു തൊഴിലാളി എന്നതാണ് കണക്ക്. 500 ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ പിന്നീട് ഓരോ കുട്ടിക്കും 25 പൈസ വീതമാണ് കൂലി വർധന. അധികമുള്ളത് എത്ര കുട്ടികളായാലും പരമാവധി 75 രൂപ എന്ന് ഇത്  നിജപ്പെടുത്തിയിട്ടുമുണ്ട്.

ഒരു ഹോട്ടലിൽ പരമാവധി 200 പേർക്ക്  ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാചകക്കാരന് പോലും 1200 രൂപ കൂലി കിട്ടുമ്പോഴാണ് പരമാവധി 675 രൂപ എന്ന ഈ കൂലി. ഈ തുക പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.അധികൃതർ കനിഞ്ഞാൽ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു മാസത്തെ ശമ്പളം കിട്ടും. മാർച്ച് മാസത്തെ ശമ്പളവും അവധിക്കാലത്ത് പ്രഖ്യാപിച്ച ഏപ്രിൽ,മെയ് മാസങ്ങളിലെ ആശ്വാസ ധനവും ജൂൺ മാസം അവസാനമായിട്ടും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.

സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. എല്ലാ പരിശോധനകളും നടത്തിയാൽ മാത്രമേ ഹെൽത്ത് കാർഡ് ലഭ്യമാകൂ. സർക്കാർ ആശുപത്രികളിൽ പരിശോധനക്ക് പോയാൽ പകുതിയിലേറെയും സ്വകാര്യ ലാബുകളിലേക്ക് എഴുതി നൽകും. 1000 രൂപയില്ലാതെ സ്വകാര്യ ലാബിൽ  ടെസ്റ്റ് ചെയ്യാനും സാധിക്കില്ല. ശമ്പളം ലഭിക്കാത്തതിനാൽ  കടം വാങ്ങിയാണ് പലരും  പരിശോധന നടത്തി ഹെൽത്ത് കാർഡ് തയ്യാറാക്കുന്നതെന്നും പാചകത്തൊഴിലാളികൾ പറയുന്നു.

ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത വിവേചനമാണ് സ്കൂൾ പാചകത്തൊഴിലാളികൾ നേരിടുന്നത്. തുച്ഛമായ കൂലി പോലും കൃത്യമായി നൽകാതെ ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

SCROLL FOR NEXT