ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും 
NEWSROOM

യുദ്ധഭൂമിയിൽ നിന്ന് ഒരു പരിഹാരവും കണ്ടെത്താൻ കഴിയില്ല; പുടിന് നിർദേശവുമായി മോദി

അനധികൃതമായി റഷ്യൻ സൈനത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യൻ പൗരന്മാരെ വിട്ടയക്കണമെന്ന നരേന്ദ്രമോദിയുടെ ആവശ്യത്തെ വ്‌ളാഡിമിർ പുടിൻ അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്

Author : ന്യൂസ് ഡെസ്ക്

യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ വ്ളാഡിമിര്‍ പുടിന് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധ ഭൂമിയില്‍ നിന്ന് ഒരു പരിഹാരവും കണ്ടെത്താന്‍ കഴിയില്ല എന്ന് പുടിനോട് നരേന്ദ്രമോദി പറഞ്ഞതായി റഷ്യയിലെ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോദി വ്ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് യുദ്ധത്തെ പറ്റി പരാമര്‍ശിച്ചത്.

യുക്രെയ്‌നെതിരായ യുദ്ധത്തില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായി, റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത മുഴുവന്‍ ഇന്ത്യന്‍ പൗരന്‍മാരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യ പ്രകാരമാണ് പുടിന്റെ തീരുമാനം. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് വിവിധ ട്രാവല്‍ വ്യാജ ഏജന്റുമാര്‍ വഴി മലയാളികളടക്കം ധാരാളം ഇന്ത്യക്കാരാണ് റഷ്യന്‍ സൈന്യത്തിലെത്തിയത്.

ഇങ്ങനെയെത്തിയ രണ്ടു ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇവരെ തിരികെ എത്തിക്കാന്‍ നേരത്തെ തന്നെ ഇന്ത്യ ശ്രമിച്ചിരുന്നു. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോവിലെത്തിയത്. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സംബന്ധിച്ചിടത്തോളം, പാശ്ചാത്യ ഉപരോധത്തില്‍ റഷ്യ ഒറ്റപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരമാണിത്. മറുവശത്ത് യുദ്ധത്തെ അപലപിക്കുകയോ, റഷ്യയ്ക്ക് മേലുള്ള ഉപരോധത്തില്‍ പങ്കാളിയാവുകയോ ചെയ്യാത്ത ഇന്ത്യ ഈ നിലപാട് കൊണ്ട് ശക്തമായ നേട്ടങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്.

SCROLL FOR NEXT