NEWSROOM

ഫെഫ്കയുടേയോ A.M.M.Aയുടെയോ പിന്തുണ വേണ്ട, നിർമാതാക്കളുടെ സമരം ഒരാഴ്ചക്കുള്ളിൽ: ബി.ആർ. ജേക്കബ്

"സിനിമ താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ മറ്റ് വഴികളുണ്ട്, ഒരു താരവും അഭിവാജ്യ ഘടകമല്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെയാണ് ഉണ്ടായത്"

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമ സ്തംഭിപ്പിച്ചുള്ള നിർമാതാക്കളുടെ സമരം ഒരാഴ്ചക്കുള്ളിലെന്ന് ഫിലിം ചേംബർ. സമരത്തിന് പിന്തുണ നൽകി കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. സമരത്തിന് ഫെഫ്കയുടേയോ A.M.M.Aയുടെയോ പിന്തുണ വേണ്ടെന്നും ഫിലിം ചേംബർ പ്രസിഡൻ്റ് ബി.ആർ. ജേക്കബ് പറഞ്ഞു.

സിനിമാ വ്യവസായം പ്രതിസന്ധിയിലാണ്. കൂടിയാലോചനയിലൂടെയുള്ള തീരുമാനമാണ് സുരേഷ് കുമാർ പറഞ്ഞത്. സിനിമാ സമരത്തിന് ഫെഫ്കയുടേയോ A.M.M.Aയുടെയോ പിന്തുണ വേണ്ട. സിനിമാ താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ മറ്റ് വഴികളുണ്ട്, ഒരു താരവും അഭിവാജ്യ ഘടകമല്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെയാണ് ഉണ്ടായത്. പടം വിജയിച്ചാൽ പ്രതിഫലം കൂട്ടുന്നത് കുഴപ്പമില്ല. തുടർച്ചയായി പടം പൊട്ടിയാലും പ്രതിഫലം കുറക്കാൻ തയാറാവുന്നില്ല. മലയാള സിനിമയുടെ കണക്ക് എല്ലാ മാസവും പുറത്ത് വിടുമെന്നും ബി.ആർ. ജേക്കബ് പറഞ്ഞു. അതേസമയം, ജി. സുരേഷ് കുമാറിന് പൂർണ പിന്തുണ നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ആൻ്റണി പെരുമ്പാവൂരിനെതിരെ നടപടിയെടുക്കുമെന്നും ബി.ആർ. ജേക്കബ് പറഞ്ഞു.

നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച സിനിമാ സമരത്തിന് A.M.M.Aയുടെ പിന്തുണയില്ലെന്ന് ഇന്ന് ചേര്‍ന്ന A.M.M.A യോഗത്തിൽ തീരുമാനമെടുത്തിരുന്നു. താരങ്ങളുടെ വേതനം, നിര്‍മാതാക്കളുടെ സമരം എന്നീ വിഷയങ്ങളായിരുന്നു പ്രധാന ചര്‍ച്ച. താരങ്ങളുടെ വേതനം താരങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. നിര്‍മാതാക്കള്‍ ഇടപെടേണ്ട ആവശ്യമില്ല. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് താരങ്ങളുമായി സമവായ ചര്‍ച്ച നടത്താമെന്നും അതില്‍ താരങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കില്‍ മാത്രം വേതനം കുറയ്ക്കാമെന്നുമാണ് നിലവില്‍ തീരുമാനം.

നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത തീരുമാനമാണിതെന്ന് സുരേഷ് കുമാര്‍ പറഞ്ഞെങ്കിലും സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് നിര്‍മാതാക്കളും അഭിനേതാക്കളും അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT