NEWSROOM

വാഷിങ്ടണില്‍ ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് അപകടം: 28 മൃതദേഹങ്ങള്‍ കണ്ടെത്തി

ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതർ

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍ ഡിസിക്കു സമീപം അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും സൈനീക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടിട്ടില്ലെന്ന് സൂചന. നിലവില്‍ 28 മൃതദേഹങ്ങള്‍ പൊട്ടോമാക് നദിയില്‍ നിന്നും കണ്ടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നാണ് വാഷിങ്ടണ്‍ ഫയര്‍ ചീഫ് പറയുന്നത്. ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫയര്‍ ചീഫ് പറഞ്ഞു. രക്ഷാദൗത്യത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ദൗത്യത്തിലേക്ക് തിരിയേണ്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 യാത്രക്കാരും നാല് വിമാനജീവനക്കാരും ഉള്‍പ്പെടെ 64 പേരാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്നത്. കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട യാത്രവിമാനമാണ് അപകടത്തില്‍പ്പെട്ടത്. റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടമുണ്ടായത്.

ലാന്‍ഡിങ്ങിനായി തയ്യാറെടുക്കുന്നതിനിടയില്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് സൈനികരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

SCROLL FOR NEXT