മുംബൈ നഗരത്തിലേക്ക് കടക്കാൻ കാറുകൾ, എസ്‌യുവികൾ അടക്കമുള്ള ലൈറ്റ് മോട്ടോർ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾക്ക് ഇനി മുതൽ ടോൾ ഉണ്ടായിരിക്കില്ലെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇന്ന് രാത്രി മുതൽ നടപടി പ്രാബല്യത്തിൽ വരുമെന്നും ഏക്നാഥ് ഷിൻഡെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാരിൻ്റെ പ്രഖ്യാപനം.
"ചരിത്രപരമായ തീരുമാന"മെന്നാണ് ഏക്നാഥ് ഷിൻഡെ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. സമയം ലാഭിക്കുന്നതിനും, ട്രാഫിക്ക്, മലിനീകരണം തുടങ്ങിയവ കുറയ്ക്കാനും സഹായിക്കുമെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. മുംബൈയിലെ താനെയിൽ നിന്നുള്ള നേതാവെന്ന നിലയിൽ, താനും ടോൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിട്ടുണ്ട്. ജോലിക്കും, മറ്റ് ആവശ്യങ്ങൾക്കുമായി താനെയിൽ നിന്നും നഗരത്തിലെത്തുന്ന ജനങ്ങളോടുള്ള നീതികേടാണ് ടോളെന്നും ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
ALSO READ: ഹരിയാന മോഡൽ പരീക്ഷിക്കാൻ മഹായുതി സർക്കാർ; മഹാരാഷ്ട്രയിൽ ക്രീമിലെയർ വരുമാന പരിധി ഉയർത്താൻ നീക്കം
ബിജെപി നേതാവ് കിരിത് സോമയ്യയും സർക്കാരിൻ്റെ പ്രഖ്യാപനം സ്വാഗതം ചെയ്തു. താനെ ക്രീക്ക് പാലത്തിൻ്റെ നിർമാണച്ചെലവ് തിരികെ ലഭിക്കുന്നത് വരെ ടോൾ തുടരണമെന്ന മഹാരാഷ്ട്ര റോഡ് വികസന കോർപ്പറേഷൻ്റെ ആവശ്യം വകവയ്ക്കാതെയാണ് സർക്കാരിൻ്റെ നീക്കം. രാജ് താക്കറെ നേതാവായ നവ്നിർമാൺ സേന ഏറെക്കാലമായി ടോൾ നിരക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത് വരികയായിരുന്നു.