നീറ്റ് പ്രതിഷേധം 
NEWSROOM

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: വ്യാപക ക്രമക്കേടില്ലെന്ന് സിബിഐ, അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

നീറ്റ് യുജി 2024 ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രാദേശികമായാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ക്രമക്കേട് വ്യാപകമല്ലായെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും ഇന്നലെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഐഐടി മദ്രാസ് നടത്തിയ ഡാറ്റ അനലറ്റിക്സ് പഠനത്തില്‍ പരീക്ഷയില്‍ ക്രമക്കേടുകൾ ഇല്ലെന്നാണ് കണ്ടെത്തിയതെന്നായിരുന്നു കേന്ദ്ര സത്യവാങ്മൂലത്തിന്‍റെ ഉള്ളടക്കം. ഭാവിയില്‍ ക്രമക്കേട് ഉണ്ടാകാതിരിക്കാന്‍ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, കേന്ദ്രം അറിയിച്ചു. പുനഃപരീക്ഷ നടത്തില്ലെന്നും അത് ഒരുപാട് പേരെ ബുദ്ധിമുട്ടിലാക്കുമെന്നുമാണ് കേന്ദ്ര നിരീക്ഷണം. ടെലഗ്രാം ഗ്രൂപ്പുകളില്‍ ചോദ്യപേപ്പറുകള്‍ പ്രചരിച്ചതായുള്ള വീഡിയോ വ്യാജമാണെന്നായിരുന്നു എന്‍ടിഎ സത്യവാങ്മൂലം.

തല്‍സ്ഥിതി റിപ്പോര്‍ട്ട് ജഡ്ജിമാരുടെ നിരീക്ഷണത്തിനായി മാത്രമാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കിയിട്ടില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നിട്ടില്ലായെന്ന നിലപാടാണ് പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിങ്ങനെ വിവധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറുകള്‍ ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തില്‍ സംശയം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ അന്വേഷണ ചുമതലയുള്ള സിബിഐയോട് കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

അതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബീഹാറില്‍ നിന്നു മാത്രം എട്ട് പേരെയാണ് സിബിഐ ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് 5ന് നടന്ന നീറ്റ് യുജി 2024 പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നാണ് വാദം കേള്‍ക്കുന്നത്.


SCROLL FOR NEXT