ചെലവ് ചുരുക്കൽ നയത്തിൻ്റെ ഭാഗമായി നോക്കിയ കമ്പനി ചൈനയിൽ 2,000 വും യൂറോപ്പിൽ 350 ത്തോളം തൊഴിലാളികളെ വെട്ടിക്കുറച്ചതായി വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിലെ 350 ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കമ്പനി കൂടിയാലോചനകൾ ആരംഭിച്ചതായി നോക്കിയ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ചൈനയിലെ സ്ഥിതിയെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ വിസമ്മതിച്ചു.
2023 ഡിസംബറിലെ കണക്കനുസരിച്ച് നോക്കിയയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ചൈനയിൽ 10,400 ജീവനക്കാരും യൂറോപ്പിൽ 37,400 ജീവനക്കാരുമാണ് ഉള്ളത്. ചെലവ് കുറയ്ക്കുന്നതിനും 2026-ഓടെ 800 മില്യൺ യൂറോയ്ക്കും (868 മില്യൺ ഡോളർ) 1.2 ബില്യൺ യൂറോയ്ക്കും ഇടയിൽ ലാഭം നേടുന്നതിനും വേണ്ടി 14,000 ജോലികൾ വരെ വെട്ടിക്കുറയ്ക്കാൻ കമ്പനി കഴിഞ്ഞ വർഷം തന്നെ പദ്ധതിയിട്ടിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്നും അധികൃതർ അറിയിച്ചു.
ഒരുകാലത്ത് നോക്കിയയുടെ രണ്ടാമത്തെ വലിയ വിപണിയായിരുന്നു ചൈന. എന്നാൽ 2019 മുതൽ പാശ്ചാത്യ രാജ്യങ്ങൾ ഹുവായ് നിരോധിക്കാൻ തുടങ്ങിയതിന് ശേഷം, നോക്കിയയ്ക്കും എറിക്സണിനുമുള്ള ചൈനീസ് ടെലികോം ഓപ്പറേറ്റർമാരുടെ കരാറുകൾ കുറച്ചു. 2019 ൽ, നോക്കിയയുടെ മൊത്തം വിൽപ്പനയുടെ 27% ചൈനയിൽ നിന്നായിരുന്നു.
പുറത്തു വരുന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 6% ൽ താഴെയാണ്. ചൈന മേഖലയുടെ ഭാഗമായ ഹോങ്കോംഗ്, തായ്‌വാൻ എന്നിവയ്‌ക്കൊപ്പം ബെയ്ജിംഗിലും ഷാങ്ഹായിലും നോക്കിയയ്ക്ക് ഇപ്പോഴും നിരവധി ഓഫീസുകളുണ്ട്. കമ്പനി ഇതിനകം 500 ദശലക്ഷം യൂറോ മൊത്ത സമ്പാദ്യം കൈവരിച്ചതായി വക്താവ് പറഞ്ഞു.
ALSO READ: 'ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ 2.87 ലക്ഷം പേർക്ക് തൊഴിൽ'; വാഗ്ദാനവുമായി ചംപയ് സോറന്
കഴിഞ്ഞ വർഷം ജോലി വെട്ടിക്കുറയ്ക്കുമെന്ന് നോക്കിയ പ്രഖ്യാപിച്ചപ്പോൾ, അതിൻ്റെ മൊത്തം ജീവനക്കാരുടെ എണ്ണം 86,000 ആയിരുന്നു. 2026 ഓടെ 72,000 മുതൽ 77,000 വരെയായി കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നതായും കമ്പനി വക്താക്കൾ അറിയിച്ചു. നിലവിൽ, നോക്കിയയ്ക്ക് 78,500-ലധികം ജീവനക്കാരുണ്ടെന്നും അവർ വ്യക്തമാക്കി.