ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഉള്‍പ്പെടെ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. തോടിന്റെ തമ്പാനൂര്‍ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ഗണേശിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച സംഭവം വലിയ വിവാദമായിരുന്നു. തിരുവനന്തപുരം മേയറും സംസ്ഥാന സര്‍ക്കാരും റെയില്‍വേയൊണ് കുറ്റപ്പെടുത്തിയത്. തമ്പാനൂര്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേ വരുത്തിയ വീഴ്ചയാണ് എല്ലാത്തിനും കാരണമെന്നായിരുന്നു ആരോപണം. അതിനിടെയാണ് നഗരസഭ കൃത്യവിലോപത്തിന്റെ പേരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഗണേഷിനായിരുന്നു. കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാത്തതും, മാലിന്യങ്ങൾ ഇടുന്നവരെ തടയാത്തതുമാണ് തോട്ടില്‍ മാലിന്യം നിറയാന്‍ കാരണം. ഗണേശ് കൃത്യമായി ജോലി ചെയ്തിരുന്നുവെങ്കിൽ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവന്ന് മേയർ ആര്യ രാജേന്ദ്രന് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേശന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച വന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പോത്തീസ് മഹല്‍ പൂട്ടിക്കുന്ന സമയത്ത് ഗണേശന്‍ എത്തിയിരുന്നില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ALSO READ : ജോയിയുടെ മൃതദേഹം സംസ്കരിച്ചു; കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാരിൻ്റെ ഉറപ്പ്