നീറ്റ്, നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ച മോദിക്ക് തടയാനായില്ലെന്നും, രാജ്യത്ത് നോൺ സ്റ്റോപ്പ് ചോദ്യപേപ്പർ ചോർച്ചയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുക്രെയ്ന്‍, ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് എന്തുകൊണ്ട് ചോദ്യപേപ്പർ ചോർച്ച തടയാനായില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം സ്പീക്കർ തെരഞ്ഞെടുപ്പിൻ്റെ തിരക്കിലാണ് മോദി. അതുകൊണ്ട് ഇതിലൊന്നും മോദിക്ക് താല്പര്യമില്ല. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈക്കലാക്കി. വൈസ് ചാൻസലർമാരുടെ നിയമനം മെറിറ്റിൻ്റെ അടിസ്ഥാനത്തിലല്ല -രാഹുൽ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈക്കലാക്കാനുള്ള ബിജെപിയുടെ ശ്രമം രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും വിമർശനത്തിൽ പറഞ്ഞു. പരീക്ഷ കേമക്കേടിൻ്റെ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.
നീറ്റ് പരീക്ഷ എഴുതിയ നിരവധി വിദ്യാർത്ഥികളാണ് പരാതി സമർപ്പിക്കാനായി രാഹുൽ ഗാന്ധിയുടെ വസതിക്ക് മുൻപിൽ എത്തിയത്. അഖിലേഷ് യാദവും, തേജസ്വി യാദവും നേരത്തെ തന്നെ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു.