NEWSROOM

ഒരു ദളിത് സ്ഥാനാർഥി പോലുമില്ല: ജാതി സമവാക്യങ്ങൾ നിർണായകമാകുന്ന ഹരിയാന തെരഞ്ഞെടുപ്പ്

ആകെ 90 മണ്ഡലങ്ങളുള്ള ഹരിയാനയിലെ 38 മണ്ഡലങ്ങളിലും ഒരേ ജാതിയിലുള്ളവരാണ് പരസ്പരം മത്സരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ജാതി സമവാക്യങ്ങൾ നിർണായകമാകും. ഒബിസി, ജാട്ട് , മുസ്ലീം വിഭാഗക്കാർ കൂടുതലുള്ള സംസ്ഥാനത്ത് സ്ഥാനാർഥി നിർണയത്തിലടക്കം ബിജെപിയും കോൺഗ്രസും സൂക്ഷ്‌മത പുലർത്തിയിട്ടുണ്ട്. ഒരു ദളിത് സ്ഥാനാർഥി പോലും ഇരു പാർട്ടികൾക്കുമില്ലെന്നതാണ് ശ്രദ്ധേയം.

ഒക്ടോബർ 5 ന് നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ഹരിയാന. ആകെ 90 മണ്ഡലങ്ങളുള്ള ഹരിയാനയിലെ 38 മണ്ഡലങ്ങളിലും ഒരേ ജാതിയിലുള്ളവരാണ് പരസ്പരം മത്സരിക്കുന്നത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 35 ശതമാനത്തോളം ഇതര പിന്നാക്ക വിഭാഗക്കാരാണ്. 20 മുതൽ 22 ശതമാനം വരെ ജാട്ടുകൾ. 20.17 ശതമാനം ദളിതുകളും. ഹരിയാനയിലെ ജാതി ഘടന പരിശോധിച്ചാൽ പ്രധാനമായും ഈ മൂന്ന് വിഭാഗങ്ങളാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്. സ്ഥാനാർഥി നിർണയത്തിൽ ഇക്കുറിയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സന്തുലനം നിലനിർത്താൻ ബിജെപിയും കോൺഗ്രസും സൂക്ഷ്മമായി ശ്രദ്ധിച്ചിട്ടുണ്ട്.

38 മണ്ഡലങ്ങളിൽ ജാട്ടുകൾ, മുസ്ലിം വിഭാഗക്കാർ , ബ്രാഹ്മണർ എന്നിവർ അതേ വിഭാഗത്തിലുള്ളവരുമായി മത്സരിക്കുന്നു.36 സീറ്റുകളിൽ വ്യത്യസ്ഥ ജാതിയിലുള്ളവർ തമ്മിലാണ് മത്സരം. ആകെ 28 ജാട്ടുകളെയാണ് സ്ഥാനാർഥികളായി കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ബിജെപിക്കായി 16 ജാട്ട് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 22 സീറ്റുകളിലേക്ക് ഇതര പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥികളെ ബിജെപി മത്സരിപ്പിക്കും. കോൺഗ്രസ് 20 സ്ഥാനാർഥികളെയും. 17 നിയമസഭാ സീറ്റുകൾ പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ ബിജെപിയോ കോൺഗ്രസോ ഒരു ദളിത് സ്ഥാനാർഥിയെ പോലും ഈ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നില്ല.





















SCROLL FOR NEXT