സ്ഥാനാർഥിത്വം പിൻവലിക്കുമെന്നുള്ള റിപ്പോർട്ട് തള്ളി ചേലക്കര കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ്. സ്ഥാനാർഥിത്വം പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ആണ് നിർദ്ദേശം. 23ആം തീയതി നോമിനേഷൻ നൽകുമെന്നും, കൃത്യമായ ഷെഡ്യൂളോട് കൂടിയാണ് പാർട്ടിയും മുന്നണിയും ചേലക്കരയിൽ പ്രവർത്തിക്കുന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
പ്രധാന നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ നടക്കുമെന്നും, കോൺഗ്രസ് മുൻകൂട്ടി തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തീരുമാനിച്ചതാണെന്നും രമ്യ ഹരിദാസ് അറിയിച്ചു.
നേരത്തെ പാലക്കാട്ടെ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കണമെങ്കിൽ ചേലക്കരയിൽ നിന്ന് രമ്യാ ഹരിദാസിനെ പിൻവലിക്കണമെന്ന് പി വി അൻവർ അറിയിച്ചിരുന്നു. പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം കോൺഗ്രസിനുണ്ട്. ചേലക്കരയിലെ സ്ഥാനാർഥിയെ യുഡിഎഫ് പോലും തള്ളിപ്പറഞ്ഞുവെന്നും പിവി അൻവർ പറഞ്ഞിരുന്നു. പാലക്കാട്ടെ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ അടക്കമുള്ളവർ ഇടപെട്ടിരുന്നു.