NEWSROOM

എല്ലാ സ്വകാര്യ സ്വത്തും സ‍ർക്കാരിന് ഏറ്റെടുക്കാനാവില്ല: സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉൾപെടെയുള്ള ഒൻപത് അംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

എല്ലാ സ്വകാര്യ സ്വത്തും സ‍ർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉൾപെടെയുള്ള ഒൻപത് അംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. ഒൻമ്പതംഗ ഭരണഘടനാ ബെഞ്ച് 8-1 ഭൂരിപക്ഷത്തിലാണ് ഈ വിഷയത്തിൽ വിധി പ്രസ്താവിച്ചത്.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബി വി നാഗരത്‌ന, ജെ ബി പർദിവാല, സുധാൻഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.  ഏഴുപേർ അനുകൂല വിധി പുറപ്പെടുവിച്ചപ്പോൾ രണ്ടുപേർ ഭിന്നവിധി എഴുതി. ആകെ മൂന്ന് വിധിയാണ് ഇത് സംബന്ധിച്ച് എഴുതിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് തനിക്കും ആറ് സഹപ്രവർത്തകർക്കും വേണ്ടി ഒരു വിധി എഴുതി, ജസ്റ്റിസ് ബി.വി നാഗരത്‌ന സമാന്തരവും വേറിട്ടതുമായ ഒരു വിധി എഴുതി, എന്നാൽ, ജസ്റ്റിസ് സുധാംശു ധൂലിയ ഇതിനോട് വിയോജിച്ചു.

സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതു ഭൗതിക വിഭവങ്ങൾ" ആയി കണക്കാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് ഒൻപത് അംഗ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാൽ സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു.

1978ൽ അന്നത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മക്കായി ഏറ്റെടുക്കാമെന്ന് വിധിച്ചത്.

SCROLL FOR NEXT