NEWSROOM

'മത്സരരംഗത്തേക്കില്ല, പ്രവർത്തനത്തിനും പ്രചരണത്തിനും പാർട്ടിക്കൊപ്പം': രമേശ് പിഷാരടി

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തൻ്റെ പേരുയർന്നതിനെ തുടർന്നാണ് നടൻ വിശദീകരണവുമായി രംഗത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രമേശ് പിഷാരടി. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി നടന്‍ രംഗത്തെത്തിയത്. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും രമേശ് പിഷാരടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ പ്രവര്‍ത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ ആണ് മത്സരിച്ചത്. വലിയ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ഇതോടെയാണ് പാലക്കാട് മണ്ഡലത്തില്‍ ഒഴിവുവന്നത്.

മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജയായിരുന്നു ഷാഫി പറമ്പിലിനെതിരെ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വിജയിച്ചതോടെയാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേശ് പിഷാരടിയെ മത്സരിപ്പിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ശക്തമായ മത്സരമായിരുന്നു ബിജെപി കാഴ്ച വെച്ചിരുന്നത്. വെറും 9707 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ഷാഫി പറമ്പില്‍ വിജയിച്ചത്. അതിനാല്‍ മണ്ഡലത്തില്‍ ഇത്തവണയും കനത്ത പോരാട്ടം നടക്കാനാണ് സാധ്യത. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയില്‍ ആലോചന. ആലപ്പുഴയിലെയും ആറ്റിങ്ങലിലെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ശോഭയെ വീണ്ടും മത്സരരംഗത്തിറക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇടതുമുന്നണിയും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT