ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിക്കുമെന്ന് കരുതിയ വീട് ലഭിക്കാതെ വന്നതോടെ ജീവനൊടുക്കി വയോധികൻ. ചേർത്തല പട്ടണക്കാട് സ്വദേശി സിദ്ധാർത്ഥനാണ് മരിച്ചത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമാണം ഉദ്യോഗസ്ഥർ വൈകിപ്പിച്ചെന്നാണ് ആരോപണം.
Also Read: ഷിരൂർ ദൗത്യം: അർജുൻ്റെ ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഡിഎന്‍എ പരിശോധനയും നടത്തും
ലൈഫ് ഭവന പദ്ധതി പ്രകാരം സിദ്ധാർത്ഥനും ഭാര്യ ജഗദമ്മയ്ക്കും വീട് അനുവദിച്ചതാണ്. പിന്നാലെ ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് താമസിച്ചുവന്നിരുന്ന ഏക വീടും പൊളിച്ചു മാറ്റി. പുതിയ വീട് നിർമിക്കാൻ കരാറും വെച്ചു. എന്നാൽ വീട് നിർമിക്കാനുള്ള അനുമതി പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിച്ചില്ല. സിദ്ധാർത്ഥനും ഭാര്യയും മാസങ്ങളോളം ഓഫീസ് കയറിയിറങ്ങി. അനുകൂല നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, കരാർ റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയും താമസിച്ചിരുന്ന വീടും നഷ്ടമായതിനെ തുടർന്നാണ് സിദ്ധാർത്ഥന്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read: സിദ്ദീഖിന്‍റെ അറസ്റ്റ്: സുപ്രീം കോടതി വിധി വന്ന ശേഷം മതിയെന്ന തീരുമാനവുമായി അന്വേഷണ സംഘം
സിദ്ധാർത്ഥൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പട്ടണക്കാട് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. വാർഡ് മെമ്പറെ പോലും ഉൾപ്പെടുത്താതെ പരിശോധന നടത്തി ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയെന്നും ആക്ഷേപമുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യ നിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിൻ്റെ വിശദീകരണം.