NEWSROOM

ട്രംപിൻ്റെ ഫ്രണ്ട് എത്തില്ല; യുഎസ് പ്രസിഡൻ്റ് സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എസ്. ജയശങ്കർ

ഈ മാസം 20നാണ് വാഷിങ്ടണിൽ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി ചുമതലയേൽക്കുന്നത്

Author : ന്യൂസ് ഡെസ്ക്

47ാമത് യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് വിവരം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ മന്ത്രി എസ്. ജയശങ്കറായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ട്രംപ്- വാൻസ് കമ്മിറ്റിയുടെ ക്ഷണത്തെ തുടർന്നാണ് ജയശങ്കറിൻ്റെ സന്ദർശനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ഈ മാസം 20നാണ് വാഷിങ്ടണിൽ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി ചുമതലയേൽക്കുന്നത്. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ നീണ്ട നിര തന്നെ ഉണ്ടാകും എന്നാണ് കരുതുന്നത്. ചടങ്ങിന് ഇതുവരെ ക്ഷണിച്ച വിശിഷ്ടാതിഥികളുടെ പട്ടിക സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അത്യാഢംബര പൂർവ്വമാകും ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ്.

വാഷിങ്ടണിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് പുറമേ, ട്രംപ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയേക്കും. പുതിയ അമേരിക്കൻ ഭരണനേതൃത്വവുമായി ഇന്ത്യൻ സംഘം ചർച്ച നടത്തുമെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിരോധ സഹകരണം, സാമ്പത്തിക വളർച്ച, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ നിലനിർത്തൽ തുടങ്ങിയവയെ കുറിച്ച് ചർച്ചകൾ നടന്നേക്കും.

SCROLL FOR NEXT