എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മറുപടി പറയേണ്ടത് ആർഎസ്എസ് നേതൃത്വമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ആരോപണം ഉയർന്ന് 20 ദിവസത്തിനു ശേഷമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐ ഉൾപ്പെടെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ ഡിജിപിക്ക് നിർദേശം നൽകിയത്. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയെടുക്കാത്തത് വിവാദമായിരുന്നു.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, ആർഎസ്എസ് നേതാവ് റാം മാധവ് എന്നിവരുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികളൊന്നടങ്കം വിമർശനുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മധ്യസ്ഥനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ആരോപണം. അജിത് കുമാറിനെതിരായ ആരോപണം ഗുരുതരമാണെന്ന് മനസിലാക്കിയ സിപിഐ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം കഴിയുന്നവരെ എഡിജിപിക്കെതിരെ നടപടിയൊന്നും എടുക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.