NEWSROOM

യുക്രെയ്‌ന്‍ -റഷ്യ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ ഇന്ത്യ; അജിത് ഡോവല്‍ റഷ്യയിലേക്ക്

രണ്ടര വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥ ശ്രമങ്ങള്‍ സഹായകമായേക്കുമെന്ന് റിപ്പോര്‍ട്ട്

Author : ന്യൂസ് ഡെസ്ക്



യുക്രെയ്‌ന്‍-റഷ്യ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാന്‍ ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജ് ഡോവല്‍ റഷ്യയിലേക്ക് പോകുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നേതാക്കളായ വ്ളാഡിമിര്‍ പുടിനുമായും വൊളൊഡിമര്‍ സെലന്‍സ്‍കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍കൈയെടുക്കുന്നത്. രണ്ടര വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥ ശ്രമങ്ങള്‍ സഹായകമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുക്രെയ്‌ന്‍ സന്ദര്‍ശനത്തിനിടെ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് മോദി വ്യക്തമാക്കിയിരുന്നു. പിന്നാലെ, കഴിഞ്ഞമാസം 27ന് പുടിനുമായി പ്രധാനമന്ത്രി ഫോണിലും ഇക്കാര്യം സംസാരിച്ചിരുന്നു. രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഒത്തുതീര്‍പ്പ് കൊണ്ടുവരുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കുറിച്ചാണ് പ്രധാനമന്ത്രി ഇരുനേതാക്കളോടും സംസാരിച്ചത്. സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയക്കാനുള്ള തീരുമാനവും പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഉരുത്തിരിഞ്ഞത്. അതേസമയം, സന്ദര്‍ശന സമയമോ, വേദിയോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇരുരാജ്യങ്ങളും തുടരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടുവെക്കുന്ന സമാധാന ഉടമ്പടി നിര്‍ദേശങ്ങളെക്കുറിച്ചും മോദിയും പുടിനും സംസാരിച്ചിരുന്നുവെന്നാണ് ഇന്ത്യന്‍ എംബസി നല്‍കുന്ന വിവരം. യുക്രെയ്‌ന്‍ സന്ദര്‍ശനം, സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച, സംഘര്‍ഷം സമാധാനപരമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, നയതന്ത്ര ചര്‍ച്ചകളുടെ അനിവാര്യത തുടങ്ങിയ കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് പുടിനും അനുകൂലമായി പ്രതികരിച്ചതോടെയാണ്, പുതിയ ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുങ്ങുന്നത്. യുക്രെയ്‌ന്‍-റഷ്യ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് അടുത്തിടെ പുടിന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT