NEWSROOM

NVS-02 ജിഎസ്എൽവിയുടെ വിക്ഷേപണം വിജയം; ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണങ്ങളിൽ സെഞ്ച്വറി തികച്ച് ISRO

പ്രതിരോധ മേഖലകളിൽ ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് 'ജിഎസ്എൽവി- എഫ്-15 എൻവിഎസ്-02' ദൗത്യത്തിൻ്റെ ലക്ഷ്യം. ഐഎസ്ആർഒയുടെ ചെയർമാനായി ഡോ. വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്.

Author : ന്യൂസ് ഡെസ്ക്

ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണങ്ങളിൽ സെഞ്ച്വറി തികച്ച് ISRO. ഗതിനിർണയ ഉപഗ്രഹമായ NVS-02 ജിഎസ്എൽവിയുടെ ചിറകിലേറി കുതിച്ചതോടെ ചരിത്ര നേട്ടമാണ് ISRO കൈവരിച്ചത്. വിക്ഷേപണം നടന്ന് 19-ാം മിനിറ്റിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.


ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിലും ISRO-യ്ക്ക് നൂറുമേനി വിജയം. സതീഷ് ധവാന്‍ സ്പേസ് സെൻ്ററിലെ രണ്ടാം ലോഞ്ചിംഗ് പാഡിൽ നിന്നും നാവിഗേഷൻ ഉപഗ്രഹവുമായി ജിഎസ്എൽവി റോക്കറ്റ് കുതിച്ചുയർന്നത് പുത്തൻ ചരിത്രത്തിലേക്കാണ്.

ജിഎസ്എൽവി-എഫ് 15 റോക്കറ്റിലൂടെയാണ്, വിക്ഷേപണം നടന്ന് 19-ാം മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചത്. പ്രതിരോധ മേഖലകളിൽ ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് 'ജിഎസ്എൽവി- എഫ്-15 എൻവിഎസ്-02' ദൗത്യത്തിൻ്റെ ലക്ഷ്യം. ഐഎസ്ആർഒയുടെ ചെയർമാനായി ഡോ. വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്.

നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇന്ത്യൻ റീജണൽ നാവിഗേഷൻ സിസ്റ്റം, അഥവാ നാവിക്. സ്ഥാനനിർണയം, ​ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിന് പകരം ISRO വികസിപ്പിച്ച ഏഴ് ഉപ​ഗ്രഹങ്ങളുടെ ശ്രേണീ സംവിധാനമാണ് നാവിക്. എൻവിഎസ് പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമാണ് എന്‍വിഎസ്-02. യുആർ സാറ്റലൈറ്റ് സെൻ്റർ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2250 കിലോഗ്രാം ഭാരമുണ്ട്.

ഇന്ത്യയുടെ നാവിഗേഷൻ സേവനങ്ങളിൽ സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണ് നാവിക് ഉപഗ്രഹ സംവിധാനം. ഇന്ത്യ മുഴുവനായും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിലോമീറ്റര്‍ പരിധിയും നാവികിന് ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.

സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇതിനകം നാവിക് ലഭ്യമാണ്. 2023 മേയ് 29 ന് വിക്ഷേപിച്ച രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതായ NVS-01 ഉപഗ്രഹത്തിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിക്ഷേപണവും ISRO വിജയകരമായി പൂർത്തിയാക്കിയത്.


SCROLL FOR NEXT