ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻ്റുമായ കമല ഹാരിസിന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആവേശം പോരെന്ന് തുറന്നടിച്ച് മുൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ. നവംബർ രണ്ടിന് നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാരിസിൻ്റെ പെൻസിൽവാനിയയിലെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഒബാമയുടെ പ്രസ്താവന.
ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഉണ്ടായിരുന്ന തരത്തിലുള്ള ആവേശം അയൽപക്കത്തും സമൂഹത്തിലും ഇന്ന് കാണാനില്ല. അമേരിക്കയിലെ കറുത്ത വംശജരായ ആളുകൾക്ക് ഒരു സ്ത്രീ അമേരിക്കൻ പ്രസിഡൻ്റ് ആകുന്നതിനോട് താൽപര്യമില്ല. ഡൊണാൾഡ് ട്രംപിനോടും അവർക്ക് താൽപര്യമില്ലെന്നും ഒബാമ പറഞ്ഞു. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ കറുത്ത വംശജരുടെ വോട്ടുകൾ സംയോജിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ബ്ലാക്ക് വോട്ടേഴ്സ് ഫോർ ഹാരിസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒബാമ.
കമല ഹാരിസിനെ ദുർബലയായ സ്ഥാനാർഥിയായി വിശേഷിപ്പിച്ച ഒബാമ, അമേരിക്കയിലെ കറുത്ത വംശജരോട് ട്രംപിനെതിരെയും ആഞ്ഞടിച്ചു. നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന ചരിത്രമുള്ള ഒരാളെയാണോ നിങ്ങൾ പിന്തുണയ്ക്കുന്നത്? അത് ശക്തിയുടെ അടയാളമല്ലെന്നും ഒബാമ കൂട്ടിച്ചേർത്തു.
ഇൻസൈഡർ അഡ്വൻ്റേജ് നടത്തിയ പെൻസിൽവാനിയയിലെ സർവേ ഫലം പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു കമല ഹാരിസിന് നേരെ ഒബാമയുടെ പ്രസ്താവന. സർവേയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനായിരുന്നു നേരിയ മുൻതൂക്കം. രണ്ട് പോയിൻ്റുകൾക്കാണ് ട്രംപ് ഹാരിസിനെക്കാളും സർവെയിൽ മുന്നിട്ട് നിന്നത്. കഴിഞ്ഞ മാസം പുറത്തുവന്ന എൻഎഎസിപി സർവേയിൽ 50ൽ നാല് കറുത്ത വംശജർ ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.