ഒളിംപിക്സ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ഹോക്കി ടീം പാരിസിലെത്തി. ഇന്നലെ വൈകിട്ടോടെയാണ് 19 അംഗ സംഘം ഒളിംപിക് വില്ലേജിലെത്തിയത്. ജൂലൈ 27 ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
41 വർഷങ്ങൾക്ക് ശേഷം ടോക്കിയോ ഒളിംപിക്സിൽ നേടിയ വെങ്കലത്തിന് മോടികൂട്ടാൻ ഇത്തവണ ഇന്ത്യയിറങ്ങുന്നത്. ടോക്കിയോയിൽ ചരിത്രം കുറിച്ച ടീമിലെ 11 പേരുൾപ്പെടെ 19 അംഗ സംഘമാണ് പാരിസിലെത്തിയത്. അഞ്ച് പുതുമുഖങ്ങളും ഇത്തവണ ഇന്ത്യക്കായി ഒളിംപിക്സിൽ മാറ്റുരയ്ക്കും.
നാലാം ഒളിംപിക്‌സിനിറങ്ങുന്ന മലയാളി താരം പി ആര്‍ ശ്രീജേഷും, മന്‍പ്രീത് സിംഗും ഇന്ത്യക്ക് കരുത്താകും. ഹര്‍മന്‍പ്രീത് സിംഗിൻ്റെ കീഴിലിറങ്ങുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. ന്യൂസിലന്‍ഡ്, അര്‍ജൻ്റീന, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്‌ട്രേലിയ ടീമുകൾ അടങ്ങുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യ.
ഒളിംപിക്സ് ഹോക്കിയിൽ മെഡലുകളാൽ സമ്പന്നമായ ചരിത്രമാണ് ഇന്ത്യയുടേത്. എട്ട് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 12 മെഡലുകളുടെ സൂക്ഷിപ്പുകാരാണ് ഇന്ത്യ. 1980ന് ശേഷം ആദ്യമായി ഒളിംപിക് ഫൈനലിലെത്തി ചരിത്രം കുറിക്കാനാണ് പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.