NEWSROOM

'കഴിഞ്ഞ തവണ വ്യക്തിപരമായി എനിക്ക് ശുഭകരമായിരുന്നില്ല; ഇത്തവണ മികച്ചതായിരിക്കും': ഒമർ അബ്ദുള്ള

90 നിയമസഭാ സീറ്റുകൾ ഉള്ള ജമ്മു കശ്മീരിൽ 40 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്

Author : ന്യൂസ് ഡെസ്ക്



ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നേറിക്കൊണ്ടിരിക്കവേ എക്സ് പോസ്റ്റുമായി മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. "കഴിഞ്ഞ തവണ വ്യക്തിപരമായി എനിക്ക് ശുഭകരമായിരുന്നില്ല, എന്നാൽ ഇത്തവണ മികച്ചതായിരിക്കു"മെന്ന് ഒമർ അബ്ദുള്ള എക്‌സ് പോസ്റ്റിൽ കുറിച്ചു. സെൽഫിയോടൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ജമ്മു കശ്മീരിലെ ബഡ്ഗാമിലും ഗന്ദർബാൽ അസംബ്ലി സീറ്റിലുമാണ് അദ്ദേഹം മുന്നേറിക്കൊണ്ടിരിക്കുന്നത്. 90 നിയമസഭാ സീറ്റുകൾ ഉള്ള ജമ്മു കശ്മീരിൽ 40 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.

അതേസമയം ജമ്മു കാശ്മീരിലെ ജനവിധിയിൽ സുതാര്യതയുണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. എന്ത് സംഭവിച്ചാലും സുതാര്യമായി ചെയ്യണം. ജനവിധിയിൽ മായം കാണിക്കരുത്. കേന്ദ്രവും രാജ്ഭവനും ഒരു കുതന്ത്രത്തിലും ഏർപ്പെടരുതെന്നും അബ്ദുള്ള നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനവിധി ബിജെപിക്കെതിരാണെങ്കിൽ ബിജെപി ഒരു കുതന്ത്രങ്ങളും കാണിക്കരുത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചെയ്തതുപോലെ ജനങ്ങളുടെ തീരുമാനം രാജ്ഭവനും കേന്ദ്രവും അംഗീകരിക്കണമെന്നും ഒമർ അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.


10 വർഷത്തിനിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ, ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ മുന്നണി ബഹുദൂരം മുന്നിലാണ്. വോട്ടെണ്ണലിൻ്റെ ആദ്യ മിനിറ്റുകൾ മുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ലീഡ് തുടരുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജമ്മു കശ്മീരിൽ അലയടിക്കുന്നത്.

SCROLL FOR NEXT