പാഠപുസ്തകത്തിൽ നിന്ന് ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വിമർശനത്തിൽ വിശദീകരണവുമായി എൻസിഇആർടി. വിദ്യാഭ്യാസ നയ മാറ്റത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ വിവിധ ഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയതായാണ് വിശദീകരണം.
ഈ വർഷം പുറത്തിറക്കിയ 3, 6 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയത് വിവാദമായതോടെയാണ് എൻസിഇആർടി രംഗത്തെത്തിയത്. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വിവരങ്ങളാണെന്ന് എൻസിഇആർടി കരിക്കുലം സ്റ്റഡീസ് ആൻഡ് ഡെവലപ്‌മെൻ്റ് വിഭാഗം മേധാവി പ്രൊഫ. രഞ്ജന അറോറ വ്യക്തമാക്കി.
അതേസമയം, ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് എൻസിഇആർടി. പുതുതായി അച്ചടിക്കുന്ന പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, ദേശീയ ഗാനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്. 2020ല്‍ കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായാണ് നടപടി.
ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണ്. 2005-2006നും 2007-2008നും ഇടയിലായി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളിലാണ് എന്‍.സി.ഇ.ആര്‍.ടി മാറ്റം വരുത്തുന്നതെന്നും, ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത് വഴി വിദ്യാർഥികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും എൻസിഇആർടി ട്വീറ്റിൽ വിശദമാക്കി.