കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി. വി. അൻവർ എംഎൽഎ. എഡിഎമ്മിന് പണി കൊടുക്കണമെന്ന് പി. ശശിയാണ് തീരുമാനിച്ചത്. ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു എഡിഎം എന്നും അൻവർ പറഞ്ഞു.
പി. ശശിക്ക് നിരവധി പെട്രോൾ പമ്പുകൾ ഉണ്ട്. പി.പി. ദിവ്യയുടെ ഭർത്താവ് ശശിയുടെ ബിനാമികളിൽ ഒരാളാണ്. നവീൻ ബാബുവിനെതിരെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് സ്ഥലം മാറി വരുന്നതെന്ന പ്രചാരണത്തിനാണ് ദിവ്യ ശ്രമിച്ചത്. അത് പി. ശശിയുടെ നിർദ്ദേശ പ്രകാരമാണ്. നവീൻ ബാബുവിൻ്റെ മരണകാരണം അറിഞ്ഞാൽ കേരളം ഞെട്ടുമെന്നും പി. വി. അൻവർ പറഞ്ഞു.
Also Read: പരാതി പച്ചക്കള്ളം! എഡിഎമ്മിനെതിരെ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമെന്ന് സൂചന
ആത്മഹത്യക്ക് ശേഷം എഡിഎമ്മിനെതിരെ കള്ളപ്പരാതി ഉണ്ടാക്കുകയാണ് ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം എവിടെയുമെത്തില്ല. പൊലീസ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുകയാണ് ചെയ്യുന്നത്. എഡിഎമ്മിൻ്റെ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ സിപിഎമ്മിനെ തകർക്കാൻ ഇറങ്ങിയവനല്ല. പാർട്ടിയിലെ സഖാക്കൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോഴും സംസാരിക്കുന്നത്. തൊഴിലാളികൾക്ക് വേണ്ടി പാർട്ടി ഇപ്പോൾ ശബ്ദിക്കുന്നില്ലെന്നും, ഇതിലെല്ലാം മുഖ്യമന്ത്രിയുടെ പ്രതികരണം കേരളത്തിന് അറിയണമെന്നും അൻവർ ആവശ്യപ്പെട്ടു.