കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്ഷണിക്കപ്പെടാതെ പോയി ആരോപണം നടത്തി വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കൃത്യമായി പ്ലാൻ ചെയ്താണ് കാര്യങ്ങൾ ചെയ്തതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ദിവ്യയുടെ വീഡിയോ നവീന്റെ ഭാര്യ കണ്ടിരുന്നു. ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അഴിമതി ഇല്ലാതെ സത്യസന്ധമായി ജോലി ചെയ്ത ഉദ്യോഗസ്ഥനാണ് നവീൻ ബാബു. കോൺഗ്രസ് സംഘടനകൾ വരെ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ പറയുന്നുള്ളൂ. സിപിഎം സഹയാത്രികനാണ് അദ്ദേഹവും കുടുംബവും. കേരളം മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയ സംഭവമാണ് നടന്നത്. കണ്ണൂരിൽ ആയതിൽ അത്ഭുതമില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ശക്തമായ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും വി.ഡി. സതീശൻ ആരോപണങ്ങൾ ഉന്നയിച്ചു. കളക്ടറുടെ ആ പരിപാടിയിലെ പെരുമാറ്റം തന്നെ സംശയം ഉണ്ടാക്കുന്നതാണ്. അതിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെയും കണ്ണൂരിലെയും സിപിഎം നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന്, കണ്ണൂരിലെ സിപിഎം അല്ല പത്തനംതിട്ടയിൽ വരുമ്പോൾ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി തർക്കത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കും കെപിസിസി പ്രസിഡന്റിനുമാണെന്ന് അദ്ദേഹം പറഞ്ഞു. കിട്ടാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥിയാണ് പാലക്കാട് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാർ ഇതിന് മുൻപും സ്ഥാനാർഥി ആയിട്ടുണ്ട്. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരെല്ലാം അങ്ങനെ സ്ഥാനാർഥി ആയിട്ടുള്ളവർ ആണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.