NEWSROOM

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കും ഓണ സഹായം; 45 കോടി രൂപ അനുവദിച്ച് സർക്കാർ

മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌

Author : ന്യൂസ് ഡെസ്ക്

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിൻ്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം അനുവദിച്ച് സർക്കാർ. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 8,94,922 തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യം ലഭ്യമാക്കുമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌.

പൊതുമേഖലാ സ്ഥാപന ഓഫീസർമാർക്കും 2,750 രൂപ ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ധന വകുപ്പാണ് ഉത്തരവിറക്കിയത്. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക്‌ 1,250 രൂപയും ഉത്സവബത്ത ലഭിക്കും.

അതേസമയം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 56.91 കോടി രൂപ ഉത്സവബത്തയായി നേരത്തെ അനുവദിച്ചിരുന്നു. ചെറുകിട കയർ സംഘം തൊഴിലാളികൾക്ക്‌ ബോണസ്‌ ഉറപ്പാക്കാൻ കയർ കോർപ്പറേഷന് 10 കോടി രൂപയും, പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌ എക്സ്‌ഗ്രേഷ്യയായി 2000 രൂപയും നൽകുമെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപയും അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി രൂപയും നൽകും. ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപയായി ഉയർത്തിയെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

SCROLL FOR NEXT