NEWSROOM

ഓണം ഇങ്ങെത്തി; വിലക്കയറ്റമില്ലാതെ ഇത്തവണ ഓണമുണ്ണാൻ കഴിയുമോ?

ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില സാധനങ്ങൾക്ക് വില കൂടിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ഓണം വരുമ്പോൾ ഇത്തവണ വിലക്കയറ്റം ഉണ്ടാകുമോ? ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില പച്ചക്കറി, പലചരക്ക് ഇനങ്ങൾക്ക് വില കൂടിയിട്ടുണ്ട്. എന്നാൽ ചിലയിനങ്ങൾക്ക് മുൻ മാസങ്ങളേക്കാൾ വിലക്കുറവുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുവെച്ച് താരമത്യം ചെയ്താല്‍ ചില ഇനങ്ങൾക്കു ഈ വർഷം വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജൂലൈയിലെ വില നിലവാരം വെച്ച് നോക്കിയാല്‍ പച്ചക്കറി, അരി, മറ്റ് വ്യഞ്ജനങ്ങള്‍ എന്നിവയുടെ ശരാശരി വില കുറയുകയാണ് ചെയ്തത്.

അടുത്തിടെ റെക്കോർഡ് വിലയിലെത്തിയ ചേനയ്ക്കും ചേമ്പിനും പത്തു രൂപയ്ക്ക് അടുത്താണ് ഓഗസ്റ്റില്‍ വില കുറഞ്ഞത്. ഏത്തയ്ക്ക, തക്കാളി, ബീന്‍സ് എന്നിങ്ങനെയും പഴവർഗങ്ങളുടെയും വില ജൂലൈയെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 28നായിരുന്നു തിരുവോണം. ആ നിലയ്ക്ക് കഴിഞ്ഞ ഓഗസ്റ്റിലെ ചില്ലറ വിപണിയിലെ ശരാശരി വില നിലവാരം താരതമ്യം ചെയ്താല്‍, ഇപ്പോഴത്തെ വില വ്യത്യാസം മനസിലാക്കാൻ സാധിക്കും.

കേരളത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള ജയ, ചമ്പ, മട്ട അരികളും, പൊന്നി അരി വിലകളില്‍ ഇക്കാലത്ത് വിലയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. പൊന്നി അരി വിഭാഗത്തില്‍ വരുന്ന സോന മസൂരിയുടെ വില കഴിഞ്ഞ വർഷത്തേതില്‍ നിന്ന് 14 രൂപയായി കുതിച്ചുയർന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധിക്കാവുന്ന മാറ്റം. ദൈനംദിന ഉപയോഗത്തിനപ്പുറം, ആഘോഷ ആവശ്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ ആന്ധ്രാ അരികളെ തെരഞ്ഞെടുക്കുന്നതോടെ ആണ് വിലക്കയറ്റം സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നത്.

ഓണക്കാലത്ത് അവിഭാജ്യമായ ഉഴുന്നിനും തുവര പരിപ്പിനും വിപണിയിലും പ്രചരിക്കുന്നത് പോലെയൊരു വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. ചില്ലറ വിപണിയില്‍ ജൂലൈ മാസത്തേതില്‍ ഓഗസ്റ്റ് അവസാനമാകുമ്പോഴേക്ക് ഉഴുന്നിന് 85 പൈസ കുറയുകയാണുണ്ടായത്. തുവരപ്പരിപ്പിന് ഒരു രൂപയും 7 പൈസയുമാണ് കൂടിയത്. പഞ്ചസാര വിലയിലും 43 പൈസയുടെ കുറവാണുണ്ടായത്.

വെളിച്ചെണ്ണ, തേങ്ങ, ഉണക്കമുളക് എന്നിങ്ങനെ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയെടുത്താലാണ് പറയത്തക്ക വിലക്കയറ്റം കാണാനാകുന്നത്. ലൂസ് വെളിച്ചെണ്ണ വില 10.65 രൂപയായും, കേരയുടെ പാക്കറ്റ് വെളിച്ചെണ്ണ വില 10.31 രൂപയായും ഉയർന്നു. മീഡിയം വലിപ്പമുള്ള തൊണ്ടില്ലാത്ത ഒരു തേങ്ങയ്ക്ക് ഇപ്പോള്‍ 20 രൂപയ്ക്ക് അടുത്ത് കൊടുക്കണം. അതേസമയം, ഉണക്കമുളകിന്‍റെ വില മൊത്തവിപണിയില്‍ കുറഞ്ഞത് ചില്ലറവിപണിയെയും സ്വാധീനിച്ചിട്ടുണ്ട്. 9.50 രൂപയാണ് കഴിഞ്ഞ മാസത്തേതില്‍ നിന്ന് ഉണക്ക മുളകിന്‍റെ വില കുറഞ്ഞത്.

നിത്യോപയോഗ സാധനങ്ങളുടെ ശരാശരി വിപണി വില കണക്കാക്കിയ കേരള സർക്കാരിന്‍റെ ഔദ്യോഗിക വില വിവരപ്പട്ടികയാണിത്. മൊത്തവിപണിയില്‍ നിന്ന് ഏകദേശം 20 രൂപയുടെ വ്യത്യാസമെങ്കിലും ചില്ലറവിപണിയിലുണ്ടെന്ന് മനസിലാക്കിയാണ് ഈ കണക്കിനെ കാണേണ്ടത്. ഈ വർഷത്തെ ഓണത്തിന് ഇനി പതിനഞ്ച് ദിവസത്തോളമേയുള്ളൂ. അതുകൊണ്ടുതന്നെ പെട്ടെന്നൊരു വിലവർധനവുണ്ടായാല്‍ അതിന് പിന്നില്‍ ഇടനിലക്കാരും പൂഴ്ത്തിവെപ്പുകാരുമാണെന്ന്  കണക്കുകള്‍ പ്രകാരം  നിസംശയം പറയാം.

SCROLL FOR NEXT